പനാജി: ഉത്തര്‍പ്രദേശില്‍നിന്നുള്ള മന്ത്രിയാണെന്ന വ്യാജേന ഗോവന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഇയാള്‍
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെമായും പ്രതി കൂടിക്കാഴ്ച നടത്തിയിരുന്നു.സുനില്‍ സിംഗ് എന്നയാളാണ് ഗസ്റ്റ് ഹൗസില്‍ താമസിച്ചതും ഒടുവില്‍ പോലീസിന്റെ പിടിയിലായതും. സുനിലിനൊപ്പം താമസിച്ച നാല് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പന്ത്രണ്ട് ദിവസമാണ് ഇയാള്‍ ഇവിടെ താമസിച്ചത്.ഉത്തര്‍പ്രദേശിലെ സഹകരണ വകുപ്പ് മന്ത്രി എന്ന് പരിചയപ്പെടുത്തിയാണ് ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. തെളിയിക്കുന്നതിനായി രേഖകളും ഈമെയില്‍ സന്ദേശങ്ങളും പ്രതി സമര്‍പ്പിച്ചിരുന്നു. കൂടാതെ ഇയാള്‍ക്ക് ഗോവ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
പ്രമോദ് സാവന്തുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മന്ത്രിയെന്ന നിലയില്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തര്‍പ്രദേശില്‍നിന്നുള്ള മന്ത്രി അല്ലെന്നും സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തി.
മാത്രവുമല്ല ഗോവ സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെയുമായും പ്രതി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും സഹകരണ വകുപ്പിലെ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും ഗോവിന്ദ് ഗവാഡെ പറഞ്ഞു. ‘പത്ത് മിനിറ്റോളമാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള മന്ത്രിയാണെന്ന് പറഞ്ഞയാളുമായി സംസാരിച്ചത്. അപ്പോഴെ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഉടന്‍ ഉത്തര്‍പ്രദേശിലെ സഹകരണവകുപ്പ് മന്ത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും തന്നെ സന്ദര്‍ശിച്ചയാളല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതിനിടയില്‍ ഈ വിരുതന്‍ സൗത്ത് ഗോവയിലെ കനാകോണ താലൂക്കിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയിലും മന്ത്രിയാണെന്ന വ്യാജേന പങ്കെടുത്തിരുന്നു. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments