നിര്‍ഭയ കേസില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പായതോടെ വധശിക്ഷ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്ന വാദത്തിന്റെ മുനയൊടിഞ്ഞു. നമ്മള്‍ അത്രയ്‌ക്കൊന്നും പരിഷ്‌കൃതമായിട്ടില്ല എന്ന് വ്യക്തമാകുന്ന, സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വധശിക്ഷ നിലവിലില്ലാതിരുന്നതായി ഒരു രാജ്യവും ലോകത്തില്ല. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വധശിക്ഷയാകാമെന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ക്രിമിനല്‍ നടപടി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. മഹാത്മജിയുടെ വാക്കുകളില്‍ കുറ്റവാളിയെക്കാള്‍ വെറുക്കപ്പടേണ്ടത് കുറ്റകൃത്യമാണ്. കണ്ണിന് കണ്ണ്, തലയ്ക്കു തല എന്ന ഹമ്മുറാബി ന്യായത്തില്‍നിന്ന് നിയമവാഴ്ച നിലവിലുള്ള ഒരു പരിഷ്‌കൃത ക്ഷേമരാഷ്ട്രത്തിനുതകുന്ന ശിക്ഷാവിധികള്‍ കാലോചിതമായി പരിഷ്‌കരിക്കുകയായിരുന്നു ഇന്ത്യയില്‍. കുറ്റാരോപിതനായ വ്യക്തി തന്നെയാണോ കുറ്റകൃത്യം ചെയ്തത്, അത് സംശയലേശമന്യെ തെളിയിക്കപ്പെടാനായോ എന്നു മാത്രമാണ് ശിക്ഷാവിധിയിലേക്കു നയിക്കുന്ന നിയമതീര്‍പ്പിനടിസ്ഥാനം. ഇതാണ് ഇന്ത്യയിലെ ക്രിമിനല്‍ കോടതികള്‍ പിന്‍തുടരുന്ന രീതി.
ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.) വിവരിക്കുന്ന ശിക്ഷയര്‍ഹിക്കുന്ന കൃത്യങ്ങളെയാണ് കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം ക്രിമിനല്‍ നടപടി നിയമം
(സി.ആര്‍.പി.സി.) എന്നിവയ്‌ക്കൊപ്പം ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ വിവക്ഷിച്ചിരിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശവും രാജ്യത്തെ കുറ്റവിചാരണയ്ക്ക് അടിസ്ഥാനമാണ്.
പുരാതനകാലം മുതല്‍ തന്നെ ഇന്ത്യയില്‍ വധശിക്ഷ നിലനിന്നിരുന്നു എന്നതും രാജ്യത്ത് വധശിക്ഷ നടപ്പിലാക്കി വന്നിരുന്നു എന്നതും ചരിത്രമാണ്. ശിക്ഷ, മനുഷ്യന്റെ പാപപങ്കിലമായ സ്വഭാവത്തെ ശുദ്ധീകരിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് കരുതുന്നത്. മനുസ്മൃതി (ഭാഗം 8 പേജ് 129) യജ്ഞവാക്യസ്മൃതി (ഭാഗം 1 പേജ് 167) ബൃഹൃസ്പതിസ്മൃതി എന്നിവയിലൊക്കെ വിവക്ഷ ചെയ്തിരുന്ന ശിക്ഷാരീതിയാണ് വധശിക്ഷ. എങ്കിലും അതിന് ജാതി-മത വേര്‍തിരിവുകളുണ്ടായിരുന്നു. വധശിക്ഷ ഇന്ത്യയില്‍ പുതുമയുള്ള ഒരു കാര്യമല്ല. വധശിക്ഷയ്‌ക്കെതിരെയുള്ള വാദത്തിന് വധശിക്ഷയോളം തന്നെ കാലപ്പഴക്കമുണ്ടുതാനും.
മുഗളന്മാരുടെ കാലത്തും ഇസ്ലാമിക ഭരണതുടര്‍ച്ചയിലും ഷാരനിയമമാണ് നിലനിന്നിരുന്നത്. അപ്പോഴും വധശിക്ഷയുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ ഷാരയ്ക്കുപകരം ഒരു പൊതുനിയമം നടപ്പിലാക്കാന്‍ തുടങ്ങി. മെക്കാളപ്രഭുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച (1839) ആദ്യ ലാ കമ്മീഷനാണ്. 1860 ഒക്‌ടോബര്‍ 6-ന് നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമം ഐ.പി.സി. നടപ്പിലാക്കിയത്. ഇതിന്റെ 302-ാം വകുപ്പിലാണ് വധശിക്ഷ ഒരു ശിക്ഷാരീതിയായി വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന് ഭേദഗതികള്‍ വരുത്തിയപ്പോഴൊക്കെ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്തതല്ലാതെ വധശിക്ഷ എന്നത് കാടന്‍ സമ്പ്രദായമാണെന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അഭിപ്രായത്തിന് മുന്‍തൂക്കം ലഭിക്കുകയുണ്ടായില്ല. ജീവപര്യന്തം പൊതുരീതിയും വധശിക്ഷ അത്യപൂര്‍വ്വവും എന്നതാണ് ഇന്ത്യയിലെ കോടതികള്‍ പിന്‍തുടരുന്ന നീതിന്യായം. വധശിക്ഷ, നിര്‍ഭയ അടക്കമുള്ള പൈശാചികവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പൊതുരീതിയാവണം എന്ന വാദഗതിക്കാണിപ്പോള്‍ പ്രാമുഖ്യം. മറ്റൊരാളുടെ ജീവനെടുത്ത ഒരാള്‍ക്ക് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യപ്പെടാന്‍ അവകാശമില്ല എന്നാണ് 1967-ല്‍ ലാ കമ്മീഷന്‍ വിലയിരുത്തിയത്. അതിനാല്‍ തന്നെ വധശിക്ഷ നിറുത്തലാക്കാന്‍ കഴിയില്ല എന്നും ലാ കമ്മീഷന്‍ പറഞ്ഞു. രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക പശ്ചാത്തലം കണക്കിലെടുത്താണ് ലാ കമ്മീഷന്‍ അന്നങ്ങനെ പറഞ്ഞത്. 1967-ലെ അവസ്ഥയെ അപേക്ഷിച്ച് പിന്നീടിങ്ങോട്ട് സ്ഥിതി ഭയാനകമായി എന്ന് അനുഭവം തെളിയിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ബലാത്സംഗം വധശിക്ഷ നല്കാവുന്ന കുറ്റകൃത്യമായി കാണുന്ന നിയമഭേദഗതി വരുത്തിയത്. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ വധശിക്ഷ വേണ്ടെന്ന് ചിന്തിക്കാനേ കഴിയില്ല.
തൂക്കിക്കൊല, ഇലക്‌ട്രോക്യൂഷന്‍ (വൈദ്യുതാഘാതം ഏല്പിച്ചുള്ള രീതി), വിഷവാതകം ഉപയോഗിച്ച് ശ്വാസംമുട്ടിച്ചുള്ള കൊല, വെടിവെച്ചുകൊല (ഇവ മൂന്നും അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്ന രീതികളാണ്) ഗില്ലറ്റിന്‍ (ചൈനയിലെ രീതികളിലൊന്ന്) എന്നിവയാണ് വധശിക്ഷ നടപ്പിലാക്കാന്‍ പൊതുവെ പിന്‍തുടരുന്ന രീതികള്‍.
ഐക്യരാഷ്ട്ര സംഘടന 1962-ല്‍ നടത്തിയ പഠനപ്രകാരം വധശിക്ഷ നിറുത്തലാക്കുന്നതുകൊണ്ടോ തുടരുന്നതുകൊണ്ടോ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുറവുവരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ ലാ കമ്മീഷന്റെ 42, 48 റിപ്പോര്‍ട്ടുകള്‍ വധശിക്ഷയെക്കുറിച്ചുള്ള പഠനത്തിന്റേതു കൂടിയാണ്. വധശിക്ഷ ഒഴിവാക്കണമെന്ന വാദഗതിയോട് യോജിക്കാന്‍ ലാ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന സര്‍ക്കാരിയയും വൈ.വി.ചന്ദ്രചൂഡും വധശിക്ഷ തുടരണമെന്ന് ശക്തമായി വാദിച്ചപ്പോള്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, പി.എന്‍.ഭഗവതി, ഒ. ചിന്നപ്പറെഡ്ഡി എന്നിവര്‍ വധശിക്ഷയ്‌ക്കെതിരായിരുന്നു. എങ്കിലും താന്താങ്ങളുടെ കാലത്ത് നിലവിലുണ്ടായിരുന്ന നിയമസംഹിതക്കനുസരിച്ച് വധശിക്ഷയോട് പ്രതികരിച്ചവരാണ് ഏറിയപങ്കു ന്യായാധിപരും.
കുറ്റകൃത്യം ചെയ്യാനിടയുള്ളവരില്‍ ഭയവും ആശങ്കയും ഉണര്‍ത്തുക എന്നതാണ് ഭൂരിഭാഗം ശിക്ഷാവിധികളുടെയും ലക്ഷ്യം. ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോള്‍ അതേ കുറ്റം ചെയ്യാന്‍ സാദ്ധ്യതയുള്ള ഒരാളില്‍ തന്നെ കാത്തിരിക്കുന്നത് ഇതേ വിധിയാണ് എന്ന തോന്നല്‍ ഉണര്‍ത്തും. അതിനാല്‍ തന്നെ ശിക്ഷാവിധികള്‍, സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കിടയില്‍ ഭയപ്പാടുണ്ടാക്കാനിടയാക്കുമെന്നാണ് ശിക്ഷാവിധികളെക്കുറിച്ചുള്ള അപഗ്രഥനം. വധശിക്ഷ എന്നത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായതിനാല്‍, വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാന്‍ പലരേയും പ്രേരിപ്പിക്കുമെന്നും കരുതുന്നു. ചുരുക്കത്തില്‍ സമൂഹത്തിലെ ക്രിമിനല്‍ വാസന കുറയ്ക്കാനുതകുന്നതാണ് ശിക്ഷാവിധികള്‍ എന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വധശിക്ഷ എന്നും പൊതുവെ ധരിക്കപ്പെടുന്നു. വധശിക്ഷ നിറുത്തല്‍ ചെയ്യണം എന്ന അഭിപ്രായത്തിന് വേരോട്ടം കിട്ടിയ അവസരത്തില്‍ തിരു-കൊച്ചി പ്രദേശത്ത് 1945-50 കാലത്ത് വധശിക്ഷ താല്‍ക്കാലികമായി നിറുത്തിവച്ചിരുന്നു. അക്കാലത്ത് കൊലപാതക കുറ്റങ്ങള്‍ക്ക് മാത്രം നല്കാനാവുമായിരുന്ന ശിക്ഷാവിധിയായിരുന്നു വധശിക്ഷ.
1945-50 കാലയളവിലും പിന്നീട് വധശിക്ഷ വീണ്ടും ഏര്‍പ്പെടുത്തിയ 1951-56 വരെയുള്ള കാലയളവിലും തിരു-കൊച്ചിപ്രദേശത്ത് നടന്ന കൊലപാതക കുറ്റങ്ങളുടെ സംഖ്യയില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. വധശിക്ഷ നിറുത്തലാക്കിയിരുന്ന കാലത്ത് (1945-50) തിരു-കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊലപാതക കേസുകള്‍ 962 ആയിരുന്നപ്പോള്‍ വധശിക്ഷ വീണ്ടും ഏര്‍പ്പെടുത്തിയ (1951-1956) കാലത്ത് ഇത് 967 ആയി ഉയര്‍ന്നിരുന്നു. വധശിക്ഷ നിറുത്തലാക്കുന്നതും നിലനിറുത്തുന്നതും വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങള്‍ കുറയുന്നതിനടിസ്ഥാനമാകാറില്ല എന്നതാണ് അനുഭവവും ചരിത്രവും. മണിക്കൂറിടവിട്ട് കൊലപൊതകവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യങ്ങള്‍ വധശിക്ഷ വേണ്ടെന്ന് വയ്ക്കുന്ന നീക്കങ്ങള്‍, സമൂഹത്തിന്റെ പൊതുചിന്താധാരയ്ക്കു ചേര്‍ന്നതാവില്ല. വധശിക്ഷയ്ക്ക് വധശിക്ഷ നല്കാനാവുന്ന അന്തരീക്ഷമല്ല രാജ്യത്ത് ഇന്നുള്ളത്. നിര്‍ഭയകേസിലെ വിധിയുടെ സാമൂഹിക പശ്ചാത്തലം മറ്റൊന്നല്ല തന്നെ.
lalujoseph@gmail.com
9847835566
Post Your Comments