Latest NewsIndiaNews

യുഎസ് -ഇറാന്‍ സംഘര്‍ഷം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാന്റെ മിസൈല്‍ ആക്രമണത്തോടെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക- ഇറാന്‍ ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ഇറാനിലുള്ള ഇന്ത്യക്കാരെ ആവശ്യമെങ്കില്‍ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കുന്നു.

Read Also : ഇറാൻ അമേരിക്ക സംഘർഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനില്‍ മാത്രമുള്ളത്. ഇതില്‍ നേരത്തേ ഇറാനിലേക്ക് കുടിയേറിയവരും ഉള്‍പ്പെടും. തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും പതിനായിരക്കണക്കിന് ആളുകള്‍ ഇറാനിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍, ഇറാന്‍ വിപ്ലവത്തിന് ശേഷം ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍ അവശേഷിക്കുന്നവരില്‍ ഭൂരിപക്ഷവും ഇപ്പോഴും ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തുന്നവരും ഇന്ത്യയുമായി ബന്ധം സൂക്ഷിക്കുന്നവരുമാണ്. ഇവരെ കൂടാതെയാണ് ഖനനമേഖലയിലെയും നിര്‍മ്മാണ മേഖലയിലെയും ആരോഗ്യ മേഖലയിലെയും ജോലികള്‍ക്കായി പോയിട്ടുള്ള ആയിരങ്ങളും.

ഗള്‍ഫ് മേഖലയില്‍ ആകെ എണ്‍പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഉള്ളത്. അമേരിക്കയിലും ഒരു വലിയ ഇന്ത്യന്‍ സമൂഹമുണ്ട്. അതുകൊണ്ടു തന്നെ ഇറാന്‍-അമേരിക്കന്‍ യുദ്ധം എന്ന ചിന്തപോലും ഇന്ത്യന്‍ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യക്കാരായ ഒരു വലിയ സമൂഹത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും രാജ്യത്തിന് പുറത്ത് ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലും ഇറാഖിലുമുള്ള ഇന്ത്യക്കാര്‍ക്കും ഇവിടെക്ക് പോകുന്നവര്‍ക്കും വിദേശകാര്യ മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button