കണ്ണൂർ: പണിമുടക്ക് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കണ്ണൂർ നെടുംപോയിൽ പുത്തൻപുരയിൽ വീട്ടിൽ വൈശാഖിന്റെ ഭാര്യ അമൃത(25)യാണ് ആംബുലൻസിൽ പ്രസവിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് വീട്ടുകാർ ഓട്ടോറിക്ഷയിൽ അമൃതയുമായി തിരിച്ചു. എന്നാൽ ഇടയാർ എത്തിയപ്പോഴെ അമൃതയുടെ ആരോഗ്യനില മോശമായി.
പണിമുടക്കായതിനാൽ മറ്റു വാഹനങ്ങൾ കിട്ടാതെവന്നപ്പോൾ വൈശാഖ് ഉടൻ തന്നെ 108 ആംബുലൻസിന്റെ സഹായം തേടി. കണ്ട്രോൾ റൂമിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടൻ തന്നെ ഇടയാർ എത്തി. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് 5.10ന് ആംബുലൻസിനുള്ളിൽ വെച്ച് തന്നെ അമൃത പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി അധികൃതർ അറിയിച്ചു.
Post Your Comments