തിരുവനന്തപുരം: യുവാവിന്റെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ നിർദേശം. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജനുവരി ആറിന് കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള ഇരുപതോളം മുറിവുകള്‍ ഉണ്ടായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് വിവരം. പടമുഗള്‍ സ്വദേശിയായ അമൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച 17 വയസുള്ള പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കുട്ടിക്ക് സാധ്യമായ വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
കഴിഞ്ഞ ആറാം തീയതിയാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജിലെത്തിച്ചത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജിലും വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്ന് പോകുന്ന അവസ്ഥയിലുമായിരുന്നു. അതിനാലാണ് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യു.വിലാണ് പെണ്‍കുട്ടിയിപ്പോള്‍. ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, ഗൈനക്കോളജി, മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments