തിരുവനന്തപുരം കാരക്കോണത്തു വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് റീപോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ സി ജെ ജോണ്‍. മൂന്നു മാസം മുന്‍പ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായി തന്നെ നിലകൊള്ളുന്നുവെന്നതിനാലാണ് ഡോക്ടര്‍ കുറിപ്പ് റീപോസ്റ്റ് ചെയ്തത്.
പോസ്റ്റ് വായിക്കാം
പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിർദ്ദേശം ഉൾക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാൽ തടി രക്ഷപ്പെടുത്താം.
പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം.എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.
1.❤️എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.
2.❤️എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .
3.❤️ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.
4.❤️ഫോൺ എൻഗേജ്ഡ് ആകുമ്പോഴും ,എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.
5.❤️നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.
6.❤️ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .
7.♥️നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .
8.♥️നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.
9.♥️പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .
10.♥️മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം.
ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം.ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .
*കോപ്പി റൈറ്റ് ഇല്ല .ആർക്കും എടുക്കാം*
( ഡോ:സി .ജെ .ജോൺ)
https://www.facebook.com/drcjjohn/posts/10157678565139630
Post Your Comments