ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കണം, പക്ഷേ ശരീരഭാരം കൂടാനും പാടില്ല. ഇതാണ് പൊതുവേ എല്ലാവര്‍ക്കുമുള്ള പ്രശ്നം. ഭക്ഷണത്തിലെ കലോറിയുടെ അളവ് ശ്രദ്ധിച്ച് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ആ മിഥ്യാധാരണ തിരുത്തേണ്ട സമയമായെന്നാണ് പുതിയ ഗവേഷണ ഫലങ്ങള്‍ പറയുന്നത്. കലോറി ഗണിക്കുന്നത് കാലഹരണപ്പെട്ടതാണെന്നും ഫലപ്രദമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടുകളായി നാം തലയില്‍ കൊണ്ടു നടക്കുന്ന പരമ്പരാഗതഅറിവുകളില് നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് പറയാനുള്ളത്.
സ്റ്റാന്‍ഫോര്‍ഡ് പ്രിവന്‍ഷന്‍ റിസര്‍ച്ച് സെന്ററിലെ പോഷകാഹാര പഠന ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഡി. ഗാര്‍ഡ്നറുടെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ശ്രദ്ധിക്കാം. അറുനൂറുപേരില് പഠനം നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കലോറി നോക്കിക്കൊണ്ടിരിക്കുന്നതിന് പകരം പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ കുറച്ചു. പകരം ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുന്നവര്‍ക്കും കാര്ബോഹൈഗ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ഉള്ളവര്‍ക്കുമെല്ലാം ഈ മാര്‍ഗം ഫലപ്രദമാണെന്ന് നിരീക്ഷണത്തിലൂടെ ബോധ്യപ്പെടുകയും ചെയ്തു. മാത്രമല്ല അവരുടെ പാരമ്പര്യത്തെയോ കാര്‍ബോഹൈഡ്രേറ്റുകളോടുള്ള ഇന്‍സുലിന്‍ പ്രതികരണത്തെയോ ഈ ഭക്ഷണരീതി സ്വാധീനിക്കുന്നില്ലെന്നും പഠനം കണ്ടെത്തി.
വ്യക്തിയുടെ ഡിഎന്‍എ മേക്കപ്പ് എന്തായാലും മോശം ഭക്ഷണത്തിന് പകരം ഗുണമുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഫലപ്രദമാകുകതന്നെ ചെയ്യും. അതിനാല്‍ തന്നെ ആളുകള്‍ക്ക് അവരുടെ ജനിതക രൂപങ്ങള്ക്കനുസൃതമായി വ്യക്തികള്‍ക്കനുസരിച്ച് പോഷകാഹാര ഉപദേശം നല്കുന്ന രീതി ഒന്നുകൂടി വിശകലനം ചെയ്യപ്പെടണം. അതായത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരമാണ് അല്ലാതെ കഴിക്കുന്നതിന്റെ അളവല്ലെന്ന് ചുരുക്കം. കലോറി നോക്കിയുള്ള ഭക്ഷണരീതി സമയവും ഊര്‍ജ്ജവും പാഴാക്കുന്നതാണെന്നാണ് ഈ കണ്ടുപിടിത്തം കൊണ്ട് മനസിലാക്കേണ്ടത്. അതിന് പകരം ശുദ്ധീകരിച്ച അന്നജവും പഞ്ചസാരയും ചേര്‍ത്ത് സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഭാരം ഫലപ്രദമായി കുറയ്ക്കുന്നതിനുള്ള റോഡ് മാപ്പ് ഇതാണ്. അതിലേക്ക് കടക്കുന്നതിനായി ശീലിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയാം
വിശപ്പ് തോന്നുന്നത് ഒഴിവാക്കുക. വിശപ്പ് തൃപ്തിപ്പെടുത്താന്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
കലോറി കണക്കാക്കി കഴിക്കുന്നത് ഒഴിവാക്കുക.
പോഷകസമ്പന്നവും അധികം പാകം ചെയ്യാത്തതുമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക
മാര്‍ക്കറ്റിംഗ് ഗിമ്മിക്കുകളില്‍ വീഴാതിരിക്കുക. ഉദാഹരണത്തിന്, കൊഴുപ്പ് കുറവാണെന്ന് പറയുന്നതുകൊണ്ട് ആ ഉത്പന്നത്തില്‍ വിശ്വസിക്കരുത്.
കാറിലോ ടെലിവിഷന്‍ സ്ക്രീനിന് മുന്നിലോ കഴിക്കരുത് – ഭക്ഷണത്തില്‍ നോക്കി സാവകാശം ആസ്വദിച്ച് കഴിക്കണം
കൂടുതല്‍സമയവും വീട്ടില്‍ പാചകം ചെയ്ത് കഴിയുന്നത്ര തവണ കുടുംബത്തോടൊപ്പം കഴിക്കാന്‍ ഇരിക്കുക.
നിങ്ങളുടെ ഭക്ഷണത്തിലെ മാറ്റങ്ങളെ പിന്തുണയ്ക്കാന്‍ അതിന് അനുസൃതമായ ഭക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സമയം ചെലവഴിക്കുക.
Post Your Comments