ഡല്‍ഹി: ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചില സുപ്രധാന തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ഡല്‍ഹി പോലീസ് ആണ് ഇത് പുറത്തുവിട്ടത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുവെന്നും പോലീസ് പിആര്‍ഒ എംഎസ് രന്ധവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. ആയുധമേന്തിയുള്ള കലാപശ്രമം, അനധികൃതമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെ ജെഎന്‍യു കാമ്പസിന് മുന്നില്‍ 700 പോലീസുകാരുടെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എല്ലാവരെയും എയിംസ് ട്രോമ സെന്ററില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു കാമ്പസില്‍ അതിക്രമിച്ച് കയറി ആക്രമം നടത്തിയത്. ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എസ്എഫ്‌ഐ ആക്രമം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്നാണ് വിലയിരുത്തല്‍ .
Post Your Comments