ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളോട് വീടൊഴിയാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ലജ്പത് നഗറിലെ വീടിന്റെ ഉടമയാണ് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലം സ്വദേശിയായ സൂര്യ, ഹര്‍മിയ എന്നീ പെണ്‍കുട്ടികളാണ് പ്രതിഷേധിച്ചത്. ഇവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെയാള്‍ അഭിഭാഷകയുമാണ്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയപ്പോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്.
ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ചണ്ഡീബസാറിന് സമീപം ഗൃഹസന്ദര്‍ശനത്തിന് എത്തിയ അമിത് ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുയര്‍ത്തിയാണ് സൂര്യയും ഹര്‍മിയയും പ്രതിഷേധിച്ചത്. മലയാളി യുവതിയായ സൂര്യ അമിത്ഷായ്ക്കെതിരെ ഗോബാക്ക് വിളിച്ചതിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം സൈബർ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതേസമയം യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാല്‍ അടിയന്തരമായി ഫ്ലാറ്റൊഴിയണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്.
ഉടനടി സാധനങ്ങളുമെടുത്ത് മാറാന്‍ ഒരുങ്ങുകയാണ് യുവതികളെന്നാണ് ലഭിക്കുന്ന വിവരം.മുദ്രാവാക്യം മുഴക്കിയുള്ള പ്രതിഷേധത്തിന് പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വെള്ളത്തുണിയില്‍ ചായം കൊണ്ട് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ വീടിന് മുകളില്‍ നിന്ന് താഴോട്ട് വിരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.
Post Your Comments