Latest NewsNewsSaudi ArabiaGulf

വാർദ്ധക്യകാലത്തു പ്രവാസത്തിനെത്തി ദുരിതത്തിലായ ശുഭദ്രമ്മ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

ദമ്മാം: വീട്ടിലെ പ്രാരാബ്ദം കാരണം പ്രായം വകവയ്ക്കാതെ വീട്ടുജോലിക്കാരിയായി പ്രവാസലോകത്തെത്തി, ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ ശുഭദ്രമ്മ, രണ്ടു വർഷം മുൻപാണ് സൗദിയിലെ ജുബൈലിൽ വീട്ടു ജോലിയ്ക്കായി എത്തിയത്. വാർദ്ധക്യസഹജമായ അനാരോഗ്യം വകവയ്ക്കാതെ രണ്ടു വർഷം ജോലി ചെയ്തു. എന്നാൽ സ്പോൺസർ കൃത്യമായി ശമ്പളം കൊടുത്തിരുന്നില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയായിരുന്നു.

രണ്ടാം വർഷം, ഇക്കാമ പുതുക്കാൻ ഉള്ള സമയമായപ്പോൾ, അത് ചെയ്യാതെ, സ്പോൺസർ അവരെ ദമ്മാം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി. അവിടെ എത്തിയ അവർ പെട്ടെന്ന് തലകറങ്ങി വീണു. ഭയന്ന് പോയ സൗദി അധികൃതർ, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ വിളിച്ചു വിവരം അറിയിച്ചു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ മഞ്ജു മണിക്കുട്ടൻ, സൗദി അധികൃതരുടെ അനുവാദത്തോടെ ശുഭദ്രമ്മയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. കഴിഞ്ഞ മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടില്ലാത്തതിനാലാണ് ശുഭദ്രമ്മ തല കറങ്ങി വീണതെന്ന് അപ്പോഴാണ് മഞ്ജുവും കുടുംബവും മനസ്സിലാക്കിയത്. അവരുടെ ശിശ്രൂഷയിൽ നല്ല ഭക്ഷണവും, മരുന്നുകളും, വിശ്രമവും ലഭിച്ചപ്പോൾ, ഒരാഴ്ച കൊണ്ട് ശുഭദ്രമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു.

ഇതിനിടെ നവയുഗം ജീവകാരുണ്യപ്രവർത്തകരും മഞ്ജുവും ശുഭദ്രമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് നിരന്തരം ചർച്ചകൾ നടത്തി. ഒടുവിൽ കുടിശ്ശികയായ അഞ്ചു മാസത്തെ ശമ്പളം നൽകാൻ അയാൾ തയ്യാറായി. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയിൽ നിന്നും ശുഭദ്രമ്മയ്ക്ക് ഔട്ട്പാസ്സ് വാങ്ങി, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. ശുഭദ്രമ്മയുടെ ബന്ധുക്കൾ നാട്ടിൽ നിന്നും വിമാനടിക്കറ്റ് അയച്ചു കൊടുത്തു.

അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി ശുഭദ്രമ്മ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button