Latest NewsNewsIndia

ജെഎൻയുവിലെ ഗുണ്ടാ വിളയാട്ടത്തിൽ ഞെട്ടി രാജ്യം, ദില്ലി പൊലീസ് ആസ്ഥാനത്തും എയിംസിന് മുന്നിലും സംഘർഷാവസ്ഥ, ദില്ലിയിലെ യുവത ജെഎൻയുവിലേയ്ക്ക് ഒഴുകിയെത്തുന്നു, പൗരത്വ നിയമത്തിന് പുറമേ സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കളമൊരുക്കാൻ പ്രതിപക്ഷത്തിന് പുതിയ ഒരു ആയുധം കൂടി

ദില്ലി: ബിജെപി അധികാരത്തിൽ എത്തിയത് മുതൽ കേന്ദ്ര സർക്കാരിന്‍റെ കണ്ണിലെ കരടാണ് ജെഎൻയു. ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപിക്ക് സ്വാധീനം നേടാൻ കഴിയാത്തത് മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായി പലപ്പോഴും ഈ സർവകലാശാല മാറുന്നത് സർക്കാരിനെ അലോസരപ്പെടുത്തുന്ന കാരണങ്ങളായി. ബിജെപി നേതാക്കൾ നിരവധി ആരോപണങ്ങളാണ് ഈ ക്യാമ്പസിനെതിരെ ഉയർത്തിയിട്ടുള്ളത്. കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന കോളേ‍ജെന്നും അടക്കമുള്ള ആക്ഷേപങ്ങൾ ചൊരിഞ്ഞു. ഹോസ്റ്റൽ ഫീസ് വർധനവിനെ ചൊല്ലി ജെഎൻയു വിദ്യാർത്ഥികളും കേന്ദ്രവും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ജാമിയ മിലിയ സർവകലാശാല മുൻതൂക്കം നേടിയിരുന്നെങ്കിലും ജെഎൻയു വിദ്യാർത്ഥികളും പ്രക്ഷോഭ രംഗത്ത് സജീവമായിരുന്നു. കനയ്യ കുമാറിന്‍റെ പിൻഗാമികൾ ഒട്ടും പിന്നിലല്ലായിരുന്നു. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തി ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യർത്ഥികളാൽ സമ്പന്നമാണ് ജെഎൻയു. ബൗദ്ധിക തലത്തിലും സാമൂഹിക തലത്തിലും ഉയർന്ന നിൽക്കുന്ന ജെഎൻയു വിദ്യാർത്ഥികൾ വിദ്യാസമ്പന്നരായ ഇന്ത്യൻ യുവത്വത്തിന്‍റെ തന്നെ പ്രതീകമാണ്.

അടിച്ചമർത്തലുകളെ എതിർത്ത് തോൽപ്പിച്ച് തന്നെയാണ് ജെഎൻയുവിന് ശീലം. ഇപ്പോൾ ജെഎൻയുവിൽ നടന്നിരിക്കുന്നത് ബിജെപി പോലും അംഗീകരിക്കാത്ത കാടത്തമാണെന്നതിൽ സംശയമില്ല. മുഖംമൂടി ധരിച്ചെത്തിയ വലിയ ഒരു സംഘമാണ് ക്യാമ്പസിനകത്ത് നരനായാട്ട് നടത്തിയത്. പിന്നിൽ എബിവിപിയും പുറത്ത് നിന്നെത്തിയ അവരുടെ ഗുണ്ടാ സംഘവുമാണന്നാണ് ഉയരുന്ന ആരോപണം. കേന്ദ്ര മന്ത്രമാരും, മാനവ വിഭവ ശേഷി മന്ത്രാലയവും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ വിദ്യാർത്ഥികളും രാഷ്ട്രീയ നേതാക്കളും ജെഎൻയുവിലേയ്ക്ക് ഒഴുകിയെത്തി. തടിച്ച് കൂടിയ ‍ജനം പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് അഴിച്ച് വിട്ടത്. നോക്കുകുത്തികളായി നിലകൊണ്ട പൊലീസ് ജനക്കൂട്ടത്തിന് രോഷത്തിന് പാത്രമായി. പെൺകുട്ടികളടക്കമുള്ളവരുടെ തലതല്ലിപൊട്ടിച്ച ഗുണ്ടാ സംഘം എത്ര ക്രൂരമായിട്ടാണ് പെരുമാറിയെന്നത് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ വീണു കിട്ടി വലിയ ഒരു ആയുധം തന്നെയാണ് ജെഎൻയു സംഭവം എന്നതിൽ സംശയമില്ല. വരും ദിവസങ്ങളിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പം ചേർത്ത് പ്രതിപക്ഷം ജെഎൻയു സംഭവവും സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടാൻ ഉപയോഗിക്കും.

ആക്രമണം നടന്ന് ചോരയൊലിപ്പിച്ച് വിദ്യാർത്ഥിനികൾ ആശുപത്രികളിലെത്തുന്ന കാഴ്ച കണ്ട് വളരെ പെട്ടന്ന് തന്നെ ദില്ലിയിലെ യുവത തെരുവിലിറങ്ങി. ഇത് ഒരു സൂചനായാണ് ഭരണകൂട ഭീകരത കണ്ട് ഇനിയും ജനങ്ങൾ വെറുതെയിരിക്കില്ലെന്ന സൂചന. നടന്ന സംഭവത്തിന്‍റെ ഗൗരവം രാജ്യം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ആദ്യ ഘട്ടങ്ങളിൽ ചെയ്തത് പോലെ ഇനിയും ന്യായീകരിക്കാനാണ് ബിജെപിയുടെ നീക്കമെങ്കിൽ വലിയ തിരിച്ചടിയായിരിക്കും അവരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് എബിവിപി ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button