റാസൽഖൈമ: ഷാർജയിലെ ഒരു കമ്പനിയിൽ കൊമേഴ്സ്യൽ മാനേജരായ 44 കാരൻ പങ്കജ് തിലക് രാജ് ഭാര്യക്ക് സമ്മാനമായി ഹ്യുണ്ടായ് ട്യൂക്സൺ കാർ വാങ്ങി. സാധാരണ ചെയ്യുന്നത് പോലെ കാർ രജിസ്ട്രേഷന് കൊണ്ട് പോയി. രജിസ്ട്രേഷൻറെ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ജനറൽ റിസോഴ്‌സസ് അതോറിറ്റി (ജിആർഎ) ആരംഭിച്ച ലക്കി നമ്പർ പ്ലേറ്റ് ഡ്രൈവിനെക്കുറിച്ച് പങ്കജ് രാജ് മനസ്സിലാക്കിയത്, പുതിയതായി രജിസ്റ്റർ ചെയ്ത കാറിന്റെ ഉടമയ്ക്ക് നറുക്കെടുപ്പിലൂടെ 20,000 ദിർഹം വരെ നേടാൻ കഴിയുന്ന സമ്മാന പദ്ധതിയായിരുന്നു അത്.
ഇതോടെ രാജ് കാർ രജിസ്ട്രേഷനായി ഹത്ത-ഒമാൻ റോഡിലെ ഖുസാം പ്രദേശത്ത് പുതുതായി ഉദ്ഘാടനം ചെയ്ത കാർ ടെസ്റ്റിംഗ് സ്റ്റേഷനിൽ പോയി. അവിടെ എത്തിയ അദേഹത്തിന് പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ വെറും 20 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ, അവിടെ ഉണ്ടായിരുന്നവർ വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും അദേഹം പറയുന്നു. ഏതായാലും ഭാഗ്യം പങ്കജിനൊപ്പമായിരുന്നു. നറക്കെടുപ്പിലൂടെ 20,000 ദിർഹത്തിന്റെ സമ്മാനം പങ്കജ് രജിസ്റ്റർ ചെയ്ത നമ്പറിന് തന്നെ ലഭിച്ചു. എന്നാൽ സമ്മാനം ലഭിച്ചതിന് ശേഷമുള്ള പങ്കജിന്റെ പ്രതികരണമാണ് ശ്രദ്ധേയമായത്.
20,000 ദിർഹം ഭാര്യക്ക് നൽകാനാണ് ഞാൻ ഉദേശിക്കുന്നത്, അവൾ അത് അർഹിക്കുന്നു. എനിക്ക് അവൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത്, കാർ അവളുടേതാണ്, പുഞ്ചിരിയോടെയുള്ള പങ്കജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
താൻ ഭാര്യയെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ട് അവളുടെ ജന്മദിനത്തിൽ ഒരു പ്രത്യേക സമ്മാനം നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കാർ വാങ്ങിയത്. ഏതായാലും ആ തീരുമാനം വളരെ നന്നായി എന്ന് ഓർത്ത് ഇപ്പോൾ സന്തോഷിക്കുകയാണ് പങ്കജ്.
റാസ് അൽ ഖൈമയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ എമിറേറ്റുകളെയും താമസക്കാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കാനാണ് സമ്മാന പദ്ധതിയെന്ന് ജിആർഎ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ടെയർ പറഞ്ഞു.
നറുക്കെടുപ്പ് പൊതുജനങ്ങളിലേയ്ക്ക് പദ്ധതി കൂടുതൽ എത്തിക്കാനും അവരുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും ജമാൽ അൽ ടെയർ പറഞ്ഞു.
Post Your Comments