റോഡുകളില്‍ പൊലിയുന്ന ജീവനുകളെന്നും വാര്‍ത്തകളില്‍ നിറയുകയാണ്. അശ്രദ്ധയുടെ പേരില്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് ഉറ്റവരേയും പ്രിയപ്പെട്ടവരേയുമൊക്കെയാകും. രണ്ടാമതൊരു വട്ടം കൂടി കാണാന്‍ ഇടവരരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്ന വാഹനാപാകടങ്ങളുടെ നേര്‍സാക്ഷ്യം പലപ്പോഴും ഭീകരമായിരിക്കും. ഒരു ദിവസം തന്നെ രണ്ട് അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് താന്‍ കടന്നു പോയ നെഞ്ചിടിപ്പേറ്റുന്ന നിമിഷത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതിയിരിക്കുകയാണ്.
പോസ്റ്റ് വായിക്കാം
#കുറച്ച്_സമയം_ഈ_പോസ്റ്റ്_ഒന്ന്_വായിക്കാൻ_സമയംകണ്ടെത്തുക
??
ചോര മണക്കുന്ന റോഡുകൾ…. (മണിക്കൂറുകൾക്കിടയിൽ കാണേണ്ടി വന്ന രണ്ടപകടങ്ങളുടെ നേർ സാക്ഷ്യം )
ഇന്നലെ (30.12.2019)അർധരാത്രി കഴിഞ്ഞ് മുഹമ്മ ആര്യക്കര അമ്പലത്തിനു തെക്കുവശത്തായി റോഡിന് നടുവിൽ ചോരയിൽ കുളിച്ച നിലയിൽ ഒരു മനുഷ്യ രൂപം വളഞ്ഞു കിടക്കുന്നത് കണ്ടാണ് ഞങ്ങള്‍ ചാടിയിറങ്ങിയത്.
22 വയസ്സ് തോന്നിക്കുന്ന നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ …..
തൊട്ടടുത്തു മറ്റൊരു ചെറുപ്പക്കാരൻ വേദനകൊണ്ട് പുളയുന്നു ….
തലയിൽ മുന്നിലും പിന്നിലുമായി മാരകമായ മുറിവോട് കൂടിയ ചെറുപ്പക്കാരന്റെ അടുത്തു ചെന്നു പരിശോധിച്ചപ്പോൾ മരണപ്പെട്ടതാണെന്ന് ഉറപ്പിച്ചു.മുഹമ്മ പൊലീസ് അറിയിച്ചതനുസരിച്ച് പാഞ്ഞെത്തിയ ആംബുലൻസിൽ ഒടിഞ്ഞുതൂങ്ങിയ കാലുകളുമായി വേദന കൊണ്ട് പുളയുന്ന മറ്റേ ചെറുപ്പക്കാരനെ കയറ്റി വണ്ടാനം ആശുപത്രിയിലേക്ക് അയച്ചു.
ഒഴുകിപ്പരന്ന രക്ത കളത്തിനു നടുവിൽ നിശ്ചലനായി കിടന്ന,ഏതോ ഒരു കുടുംബത്തിൻറെ ഭാവി സ്വപ്നങ്ങളിലെ നായകനായ യുവാവിന്റെ മൃതദേഹം എൻറെ സഹപ്രവർത്തകനായ ബൈജുവിന്റെയും കൂട്ടരുടെയും നേതൃത്വത്തിൽ എവിടുന്നോ അവർ സംഘടിപ്പിച്ചു കൊണ്ടുവന്ന ഫ്ളക്സിൽ പൊതിഞ്ഞ് ജീപ്പിലേക്ക് വയ്ക്കുമ്പോൾ കൈകളിൽ പറ്റിയ ചോരത്തുള്ളികളുടെ ചൂട് എൻറെ ഹൃദയത്തെ വരെ പൊള്ളിക്കുന്നുണ്ടായിരുന്നു ….
ഒഴുകിപ്പരന്നു തുടങ്ങിയ രക്തക്കറക്ക് മുകളിൽ തികഞ്ഞ നിർവികാരതയോടെ മണൽ വാരിയിടുന്നതും കണ്ട് എവിടെയോ മകനെയും കാത്തിരിക്കുന്ന ഒരു അമ്മയുടെ ചുടു കണ്ണീരിൽ കുതിർന്ന ഒരു പ്രഭാതം ആണല്ലോ നാളെ എന്നാലോചിച്ച് ഞങ്ങൾ വീണ്ടും പട്രോളിംഗ് തുടർന്നു.ചെറുപ്പത്തിന്റെ ആവേശവും വേഗതയുടെ ലഹരിയും നമ്മുടെ റോഡുകളെ എത്രത്തോളം കുരുതിക്കളമാക്കുന്നു എന്ന ചർച്ചയിൽ മുഴുകി രാത്രി ഡ്യൂട്ടി അവസാനിപ്പിച്ച് അൽപ്പനേരത്തെ വിശ്രമവും കഴിഞ്ഞ് ഒന്ന് മുഖവും കഴുകി സ്റ്റേഷനിൽ തന്നെ തിളപ്പിച്ച ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച്ച് വീട്ടിലേക്ക് മടങ്ങി വരവെ ആണ് തുറവൂർ പുത്തൻ ചന്തയ്ക്ക് സമീപം റോഡ് ബ്ലോക്കും മുന്നിൽ ആൾക്കൂട്ടവും കണ്ടത്.
ഭയം കലർന്ന ആശങ്കയുള്ള മുഖങ്ങൾക്കിടയിലൂടെ ഞാൻ കണ്ടു…
കറുത്ത ഷീറ്റ് കൊണ്ടും ഏതോ ഫ്ളക്സിന്റെ ബാക്കി കൊണ്ടും മൂടപ്പെട്ട നിലയിൽ ഷൂ ധരിച്ച രണ്ടു കാലുകൾ …
അടുത്തേക്ക് ചെന്നപ്പോഴാണ് കാഴ്ചയുടെ ഭീകരത ഞാനും മനസ്സിലാക്കിയത് ….
ഷീറ്റിന്റെ അടിയിലൂടെ ഒഴുകിപ്പരന്ന ചോരത്തുള്ളികൾക്കിടയിലും ചുറ്റുമായി ചിതറിക്കിടക്കുന്നത് മറ്റൊന്നല്ല….
അയാളുടെ ബുദ്ധിയെയും ചിന്തയെയും ഒക്കെ നിയന്ത്രിച്ചിരുന്ന തലച്ചോറിന്റെ ഭാഗങ്ങളാണ് ….
തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്ന ഓരോ വാഹനങ്ങളും അതിലെ യാത്രക്കാരും അര നിമിഷത്തെ നോട്ടത്തിനു ശേഷം ഞാനൊന്നും കണ്ടില്ല എന്ന ഭാവത്തോടെ കടന്നു പോയിക്കൊണ്ടിരുന്നു.
കാക്കി ദേഹത്ത് ഇല്ലായിരുന്നുവെങ്കിലും ഒരു പോലീസുകാരന്റെ കടമ ഉള്ളിലുണർന്നു ….
റോഡ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനൊപ്പം ആംബുലൻസ് വിളിച്ചു വരുത്തി.
സ്ട്രെക്ചർ എടുത്ത് അതിലേക്ക് ബോഡി നീക്കുമ്പോൾ മറ്റാർക്കും കാണാത്ത വിധത്തിൽ ഷീറ്റൊന്നു പൊക്കി മുഖത്തേക്കൊന്നു നോക്കി ഞാൻ ….
വിവരിക്കാനാവാത്ത വിധം ഭീവത്സമായ കാഴ്ച ….
ടയറിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ഹെൽമെറ്റ് റോഡരുകിലേക്ക് വലിച്ചെറിഞ്ഞതിന്നൊപ്പം ഷീറ്റു കൊണ്ട് മൂടിപ്പൊതിഞ്ഞ തലയുടെ ശേഷിപ്പുകൾ സ്ട്രെക്ചറിലേക്ക് കോരിയെടുത്ത് വെക്കുമ്പോൾ മണിക്കൂറുകൾക്ക് മുമ്പ് മുഹമ്മയിൽ നിന്നും പറ്റിയ ചോരപ്പാടുകളാൽ ഉണങ്ങിത്തുടങ്ങിയ എന്റെ കൈവെള്ളയിൽ വീണ്ടും തലചോറിൽ കുതിർന്ന ചുടുരക്തം പടരുന്നത് നിർവികാരതയോടെ മാത്രമേ ഞാൻ കണ്ടുള്ളൂ …. ഫയർഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോൾ തെറിച്ചു എന്റെ കാലിൽ പറ്റിയ തലചോറിന്റെ കഷ്ണം അല്പം മുമ്പ് വരെ ഏതോ ഒരമ്മയെയും അച്ഛനെയും നിറഞ്ഞ് സ്നേഹിച്ച , മിടുക്കനായ LLB ഫൈനൽ ഇയർ സ്റ്റുഡന്റിന്റെ , ബുദ്ധി സിരാ കേന്ദ്രത്തിന്റെ മർമ്മ ഭാഗമായിരിക്കണമെന്ന ചിന്ത എന്റെ ഉള്ളൊന്നുച്ചു . എങ്കിലും പതറാതെ റോഡ് മുഴുവൻ ക്ലിയർ ചെയ്ത ശേഷമാണ് ഞാൻ മടങ്ങിയത്.
കാരണം ഞാനൊരു പോലീസുകാരനാണ്.
കണ്ണീരോ, കദനമോ ഇല്ലാത്ത, കരളു കല്ലാക്കിയ പോലീസുകാരൻ ….
ഒന്നേ പറയാനുള്ളൂ …..
കാലം ബാക്കി വെക്കുന്ന ഓർമ്മകൾ കൊണ്ടല്ല നാം നമ്മുടെ വീട്ടുകാരുടെ പ്രതീക്ഷകളെ താലോലിക്കുവാൻ …..
കാത്തിരിക്കുന്ന മുഖങ്ങളിലെ പുഞ്ചിരി കാണാനെങ്കിലും സുരക്ഷിതനായി നമുക്ക് തിരിച്ചത്തണം ….
ആഘോഷങ്ങൾ ആവേശത്തിരമാലകളാക്കി വേഗ ത്തോണിയേറുന്നവർ മോർച്ചറിയുടെ തണുപ്പറിഞ്ഞേ നിൽക്കാറുള്ളൂ ….
….
റോഡുകൾ ചോരക്കളമാവാതിരിക്കട്ടെ …..ഇനിയെങ്കിലും ….
കുത്തിയതോട് പോലീസ് സ്റ്റേഷൻ
PRO – സതീഷ്
https://www.facebook.com/groups/132266750655033/permalink/566438667237837/
Post Your Comments