KeralaLatest NewsNews

‘പലയിടത്തും പരിപാടികള്‍ കുളമാക്കുകയാണ് അവതാരകരുടെ ജോലി’ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോട് രാജേഷിന് പറയാനുള്ളത്

തിരുവനന്തപുരം: ഉദ്ഘാടന പരിപാടിക്കിടെ അവതാരകയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് മൂന്ന് പരിപാടികളുടെ അവതാരകന്‍ റ്റി സി രാജേഷ് സിന്ധു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് എന്തിനാണ് അവതാരകരെന്ന് മനസ്സിലായിട്ടില്ല. പലയിടത്തും പരിപാടികള്‍ കുളമാക്കുകയാണ് അവതാരകരുടെ ജോലി. ഉദ്ഘാടനങ്ങള്‍ക്ക് വിളക്ക് കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യമെശ്യമെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഔദ്യോഗിക ചടങ്ങുകൾക്ക് എന്തിനാണ് അവതാരകരെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. പണ്ടൊക്കെ അധ്യക്ഷൻ ചെയ്തിരുന്ന ജോലി ഇന്ന് അവതാരകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അവതാരകയ്ക്കുനേരേ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാൻ ശ്രമിക്കുന്നവരോടാണ്, ഒരു അവതാരകയുടെ ക്ഷോഭപൂർണമായ കുറിപ്പ് ഫെയ്‌സ് ബുക്കിൽ കണ്ടതിനാലാണ് പറയുന്നത്, ഈ അവതാരകരില്ലെങ്കിലും പരിപാടികൾ നന്നായി നടന്നുപോകും. പലയിടത്തും പരിപാടികൾ കുളമാക്കുകയാണ് അവതാരകരുടെ ജോലി. സംഘാടകർക്കും ഇവന്റ് സംഘടിപ്പിക്കുന്ന ഏജൻസിക്കുമൊക്കെ അതിൽ പങ്കുണ്ടാകും. ഉദ്ഘാടനങ്ങൾക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ മൂന്നു പരിപാടികളിൽ ഞാൻ അവതാരകനായിട്ടുണ്ട്. പ്രതിഫലത്തിനല്ല, സംഘാടകർ ആവശ്യപ്പെട്ടിട്ടു ചെയ്തതാണ്. ആദ്യത്തെ തവണ സംസ്ഥാന യുവജന കമ്മീഷന്റെ പരിപാടിയായിരുന്നു. ‘ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനും രണ്ടു വാക്ക് സംസാരിക്കുന്നതിനുമായി മുഖ്യമന്ത്രിയെ ക്ഷണി’ച്ചപ്പോൾ അദ്ദേഹം തിരിഞ്ഞ് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനോട് എന്തോ പറഞ്ഞു. ചിന്ത എന്നെ നോക്കി ഒന്നു ചിരിച്ചു. പരിപാടി കഴിഞ്ഞ് ചിന്തയോട് കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത്, ‘രണ്ടു വാക്ക് സംസാരിച്ചാൽ മതിയോ’ എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെന്ന് ചിന്ത പറഞ്ഞത്. പിന്നീടു നടന്ന രണ്ടു ചടങ്ങിലും ഞാൻ ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു. വിശേഷണങ്ങളൊന്നുപോലുമില്ലാതെ, മുൻകൂട്ടി ഒരു സ്‌ക്രിപ്റ്റും തയ്യാറാക്കാതെ പ്രസംഗശേഷം അവർക്ക് നന്ദിപോലും പറയാതുള്ള അവതരണം ഒരവതരണമാണോ എന്നെനിക്കറിയില്ല. എന്തായാലും അത് എന്റെ തൊഴിലോ ഹോബിയോ അല്ല.

ചടങ്ങിൽ പങ്കെടുക്കുന്നവരേയും സദസ്യരേയും നിയന്ത്രിക്കാൻ അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. ഔദ്യോഗികമായ സ്വാഗതവും നന്ദിയും ഉള്ളപ്പോൾ അതിനിടയിലാണ് അവതാരകരുടെ വക സ്വാഗതവും നന്ദിയും. പല അവതാരകർക്കും വേദിയിലിരിക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറിയുകപോലുമില്ല. ഇന്നലത്തെ വിവാദ ചടങ്ങിലും വരാത്ത മന്ത്രിയാരെന്നും വന്ന മന്ത്രിയാരെന്നും പോലും തിരിച്ചറിയാതെ എഴുതിവച്ച സ്‌ക്രിപ്റ്റിനനുസരിച്ചുള്ള അവതരണമായിരുന്നു നടന്നത്. അതിന്റെ തിക്തഫലമാണ് അവിടെയുണ്ടായത്. ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളിൽ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാൻ നേരം അവതാരക എഴുന്നേൽക്കാൻ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാൻ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാർഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളു.

https://www.facebook.com/tcrajeshin/posts/10215137231200242

shortlink

Related Articles

Post Your Comments

Related Articles


Back to top button