തിരുവനന്തപുരം•പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള സഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ രണ്ടാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം വർത്തിക്കണം. അറിവുകൾ, ആശയങ്ങൾ, നൈപുണ്യം, സാങ്കേതികജ്ഞാനം, വിഭവങ്ങൾ എന്നിവയൊക്കെ ആ പാലം വഴി ഇവിടേക്കും ഒഴുകിയെത്തണം.
പ്രവാസി ലോകത്തെ ഈ മലയാളി കൂട്ടായ്മയിൽനിന്ന് ഇതരനാടുകൾ പ്രചോദനം കൊള്ളുന്നതും ഈവഴിക്കു ചിന്തിക്കുന്നതുമാണ് നാം കണ്ടത്. പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടായി. ഇരുഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്‌ഫോം രൂപപ്പെട്ടു. ലോക കേരളസഭയുടെ ആദ്യ രണ്ടു വർഷങ്ങളിൽ ഇതൊക്കെ സങ്കൽപങ്ങളിൽ നിന്നു യാഥാർത്ഥ്യങ്ങളിലേക്കു പരിവർത്തിപ്പിച്ചെടുക്കുകയായിരുന്നു കേരള സർക്കാർ.
നാം നടത്തിയ ഇടപെടലുകൾ ഫലം കാണുന്നുണ്ട് എന്ന് പ്രവാസിനിക്ഷേപത്തിലെ വ്യതിയാനം നോക്കിയാൽ മനസ്സിലാവും. 2013ൽ 71,142 കോടിയായിരുന്നു ഇവിടുത്തെ പ്രവാസി നിക്ഷേപം. 2018 ആയപ്പോൾ 85,092 കോടിയായി വർധിച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ പ്രതികൂലാവസ്ഥയിലും ഇത്രയും വർധന ഉണ്ടായതു നമ്മുടെ പ്രവാസി അനുകൂലമായ മനോഭാവമാറ്റം കൊണ്ടും പുതിയ സഹകരണവേദികളുടെ രൂപീകരണം കൊണ്ടുമാണ്.
കഴിഞ്ഞ ലോക കേരള സഭയുടെ തുടർച്ചയായി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസികളിൽനിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സർക്കാർ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനമാണ് പ്രവാസി സമൂഹം ഇവിടേക്കയക്കുന്ന തുകയുടെ വലിപ്പം. ഇത് ചിന്നിച്ചിതറി പാഴായിപ്പോവുന്ന അവസ്ഥ അവസാനിപ്പിക്കാനുള്ള ഇടപെടലാണു നടത്തിയത്. നാടിനും പ്രവാസിക്കും ഗുണകരമാകുന്ന വികസന നിക്ഷേപം ഒരുക്കലാണിത്.
സംസ്ഥാനത്തിന്റെ പ്രവർത്തന പരിധിയുള്ള സഹകരണസംഘം എന്നതാണ് മറ്റൊന്ന്. അമ്പത് അംഗങ്ങളെങ്കിലുമുള്ള പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴി ധനസഹായം നൽകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിർമാണ കമ്പനി, പ്രവാസി വനിതകൾക്കായുള്ള വനിതാ സെൽ, പ്രവാസി ജീവിതത്തിലുണ്ടാവാനിടയുള്ള വിഷമതകളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്ന പ്രവാസി ഫെസിലിറ്റേഷൻ സെന്റർ, ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റി നവീകരിക്കൽ, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കൽ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ എടുത്തുപറയേണ്ടതുണ്ട്.
പ്രവാസികളുടെ സഹകരണം ഉറപ്പാക്കുന്നത് നാടിനു വേണ്ടിയാണ്. അവരുടെ സമ്പാദ്യം ശിഥിലമായി പോവാതിരിക്കാനാണ്. അതു പ്രവാസി സമൂഹത്തിനു നന്നായറിയാവുന്നതിനാലാണ് അവർ ഇത്തരം സംരംഭങ്ങളോട് ഊഷ്മളമായി സഹകരിക്കുന്നത്.
നാം കേരള പുനർനിർമാണ പ്രക്രിയയിലാണ്. ആ പ്രക്രിയയോടു പ്രവാസികൾ ഹൃദയപൂർവം സഹകരിക്കുന്നുണ്ട്. അത് കൂടുതൽ ഉദാരവും ശക്തവുമായി നിങ്ങൾ തുടരണം. സഹകരണം എന്നതു ആശയതലത്തിലും വൈദഗ്ഢ്യ തലത്തിലും ആസൂത്രണ തലത്തിലും ഉള്ള സഹായം കൂടിയാകണം.
ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അയച്ചിട്ടുള്ള രാജ്യം ഇന്ത്യയാണ്. 1.8 കോടി ഇന്ത്യക്കാർ കുടിയേറ്റക്കാരായി, പ്രവാസികളായി വിദേശത്തു കഴിയുന്നു. ആഗോളവൽക്കരണം ഒരു വശത്ത് അതിരുകളെ മറികടന്നുള്ള മൂലധനത്തിന്റെ ഒഴുക്കിനെ അനുവദിക്കുമ്പോൾ തന്നെ, അതിരു കടന്നുള്ള തൊഴിലാളിയുടെ യാത്രയെ പല വിധത്തിൽ കർക്കശമായി നിയന്ത്രിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആതിഥേയ സ്ഥാനം ഗൾഫ് നാടുകളാണ്. അവിടുത്തെ എണ്ണ ഉൽപാദനം, എണ്ണ വില, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അവിടങ്ങളിലെ പ്രവാസി ജീവിതത്തെ എങ്ങനെ ഇനിയുള്ള കാലം ബാധിക്കും എന്ന ഉൽക്കണ്ഠ നമുക്കുണ്ട്. കുടിയേറ്റം സംബന്ധിച്ച രണ്ട് ഉടമ്പടികൾ തയ്യാറാക്കാൻ ഐക്യരാഷ്ട്രസഭ അടുത്തകാലത്ത് സന്നദ്ധമായിട്ടുണ്ട് എന്നതു ശുഭോദർക്കമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. എന്നാൽ, ഇന്ത്യയിൽ അതിന്റെ ഫലപ്രദമായ വിനിയോഗത്തിന് ഒരു സംവിധാനവുമില്ല. ഈ അവസ്ഥയ്ക്ക് വലിയതോതിൽ അറുതികുറിക്കാനാണ് ലോക കേരളസഭാ രൂപീകരണത്തെത്തുടർന്ന് നാം ശ്രമിച്ചത്. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമാണ കമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയൊക്കെ പുതിയ സാധ്യതകൾ തുറക്കുകയാണ്.
പ്രവാസി പണമായി ചൈനക്ക് 670 കോടി ഡോളറും ഫിലിപൈൻസിന് 340 കോടി ഡോളറും ഈജിപ്തിന് 260 കോടി ഡോളറും ലഭിക്കുമ്പോൾ ഇന്ത്യയ്ക്ക് കിട്ടുന്നത് 800 കോടി ഡോളറാണ്. ഇത് രാഷ്ട്രത്തിന്റെയും പ്രവാസിയുടെയും ജീവിതത്തിനു ഗുണകരമല്ലാത്ത രീതിയിൽ കടലിൽ കായം കലക്കിയതുപോലെ പോകരുത്. ഇതു മനസ്സിൽ വെച്ചുകൊണ്ടുള്ള പദ്ധതി കേന്ദ്രം തുടങ്ങുന്നില്ലെങ്കിലും നമ്മൾ പല വഴിക്കു തുടങ്ങുകയാണ്; പ്രവാസിസമൂഹം അവയോടു നന്നായി സഹകരിക്കുകയുമാണ്.
പ്രവാസി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്കുണ്ടാക്കലാണ്. 1.05 കോടി പേർ ഉണ്ടെന്നാണ് ദേശീയതലത്തിലുള്ള അനൗദ്യോഗിക കണക്ക്. 1.31 കോടി ഇന്ത്യൻ പ്രവാസികളും 1.71 കോടി ഇന്ത്യൻ വംശജരും. യഥാർത്ഥ കണക്ക് കേന്ദ്രം അവതരിപ്പിക്കുന്നില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പക്കലുള്ള കണക്ക് കേന്ദ്രം പുറത്തുവിടുന്നുമില്ല. ഇത് ആസൂത്രണത്തിന്റെ താൽപര്യങ്ങൾക്കു പോലും എതിരാണ്.
വിദേശനാണ്യശേഖരം കേന്ദ്രത്തിനും അതുണ്ടാക്കിത്തരുന്നവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനത്തിനും എന്നതാണു കേന്ദ്ര മനോഭാവം. ഇതു നിർഭാഗ്യകരമാണ്. ഇക്കാര്യം നമ്മൾ ചൂണ്ടിക്കാട്ടുന്നത്, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു നമുക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടുതന്നെയാണ് എന്ന കാര്യം കേന്ദ്രത്തെ ഓർമിപ്പിക്കേണ്ടതുണ്ട്.
കുടിയേറ്റത്തിനാഗ്രഹിക്കുന്നവർക്ക് ശരിയായ വിവരം നൽകാനോ അവരുടെ സുരക്ഷയ്ക്കായി ഇടപെടാനോ കേന്ദ്രത്തിനു സംവിധാനങ്ങളില്ല. ഈ സാഹചര്യത്തിലാണ്, പ്രീ ഡിപ്പാർച്ചർ ട്രെയിനിങ് നൽകാൻ നമ്മൾ നിശ്ചയിച്ചത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയാണ് പുറംലോകത്തിനു വേണ്ടത്. നൈപുണ്യവർധന ഉറപ്പാക്കാനും കേന്ദ്രത്തിന് പരിപാടിയില്ല.
കുടിയേറ്റത്തിലെ മാറുന്ന പ്രവണതകൾ മനസ്സിലാക്കി വേണം കാര്യങ്ങൾ നീക്കാൻ. ആ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലുള്ള പുനഃക്രമീകരണങ്ങൾ കേരളം നടത്തുന്നുമുണ്ട്. ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ കുറവുവരുന്നു എന്നത് യാഥാർത്ഥ്യമാണ്. അവിടങ്ങളിലെ സ്വദേശിവൽക്കരണം ഒരു കാരണമാണ്. അവിദഗ്ധ തൊഴിൽ രംഗത്ത് സാധ്യതക്കുറവുണ്ടാവുകയും വിദഗ്ധ തൊഴിൽരംഗത്ത് സാധ്യത കൂടുതലുണ്ടാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് കുടിയേറ്റ നിരക്ക് കുറയുമ്പൊഴും വിദേശ പണവരവ് ഉയർന്നുനിൽക്കുന്നത്.
ഈ സാഹചര്യത്തിലാണ്, ലോക കേരളസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ നടന്ന ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ നമ്മൾ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിച്ചത്. ഏതു രംഗത്തെ നൈപുണ്യമാണ് ഓരോ രാജ്യത്തിനും ആവശ്യമെന്നതറിഞ്ഞ്, ആ രംഗത്തെ നൈപുണ്യ വർധനയിൽ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള മാറ്റം ഇനി ഉണ്ടാവണം. തൊഴിൽരേഖ പരിശോധിച്ച് യഥാർത്ഥമാണ് എന്നുറപ്പുവരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഇതു ചെയ്യാത്തതുകൊണ്ട് തട്ടിപ്പിൽ കുടുങ്ങിപ്പോകുന്ന നിരവധി പേരുണ്ട്. കേന്ദ്രം ഇടപെടാത്ത ഇക്കാര്യത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധവെയ്ക്കും.
വേതനം തടഞ്ഞുവെയ്ക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ എംബസികളെ സജ്ജമാക്കാൻ കേന്ദ്രം ശ്രദ്ധിക്കണം. നിർഭാഗ്യവശാൽ അതും ഉണ്ടാവുന്നില്ല. ഇവിടെയും കേന്ദ്രം ശ്രദ്ധിക്കാത്തിടത്ത് കേരള സർക്കാർ ശ്രദ്ധിക്കുന്നു. പ്രവാസി ലീഗൽ സെൽ ഇവിടെ വലിയ ആശ്വാസമാവുന്നുണ്ട്.
കേരളം മൂന്നര വർഷങ്ങളിലായി അഭൂതപൂർവമായ ഒരു വികസന പ്രക്രിയയിലൂടെ കടന്നുപോവുകയാണ്. ക്ഷേമകാര്യങ്ങളിൽ മുതൽ വികസന കാര്യങ്ങളിൽ വരെ പ്രതിഫലിക്കുന്ന മാറ്റം ഇവിടെ ദൃശ്യമാണ്. ഒരുവശത്ത് മതനിരപേക്ഷതയുടെ, സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ പ്രതീകമായി നിൽക്കുന്നു. മറുവശത്ത് ക്ഷേമ-വികസന കാര്യങ്ങളിൽ കുതിച്ചുചാട്ടം നടത്തുന്നു. മറ്റൊരു കാലത്തുമില്ലാത്ത വിധം പ്രവർത്തനമികവിനുള്ള പുരസ്‌കാരങ്ങൾ കേരളത്തെ തേടിയെത്തുകയാണ്.
സുസ്ഥിര വികസനത്തിനും പൊതുവായ വ്യവസായ വികസനത്തിനും അടിസ്ഥാനമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും മികവും. ഈ സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രീകരിക്കുന്നു. അവിടെ പ്രവാസികൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ, അവർക്കു പുരോഗതി കണ്ട് വിലയിരുത്താവുന്ന വിധത്തിൽ, വർധിച്ച പ്രതിഫലം ഉറപ്പാവുന്നവിധത്തിൽ നിക്ഷേപം നടത്താനുള്ള സംവിധാനങ്ങൾ ഈ സർക്കാർ ഒരുക്കി.
തങ്ങളുടെ നിക്ഷേപം തങ്ങൾക്കു നേട്ടമുണ്ടാക്കിക്കൊണ്ടുതന്നെ നാടിന്റെ വികസനത്തിനുള്ള മൂലധന നിക്ഷേപമാവുന്നതെങ്ങനെ എന്ന് നേരിട്ട് അനുഭവിക്കാൻ സഹായകമാവുന്ന പദ്ധതികൾ. ഇത്തരം പദ്ധതികളോടു പ്രവാസി ജനങ്ങൾ ഉയർന്നതോതിൽ സഹകരിക്കുന്നുണ്ട്. പരമ്പരാഗത രീതികൾ വിട്ട് ഭാവനാപൂർണമായ പദ്ധതികളുമായാണ് മുമ്പോട്ടുപോകുന്നത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച് ബജറ്റിനു പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിച്ച് വിനിയോഗിക്കുന്നതു തന്നെ സ്ഥിരം രീതി വിട്ടുള്ള കാര്യമാണ്. അതിന്റെയൊക്കെ ഫലം കാണുന്നുണ്ടുതാനും. കേരള റീബിൽഡ്, വികസന കോൺക്ലേവ്, അസെൻഡ്, പ്രവാസി ചിട്ടി, എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, മസാലാ ബോണ്ട് എന്നിങ്ങനെ നൂനത പദ്ധതികളാണ് നടപ്പാക്കുന്നത്. ആരുടെയും സങ്കൽപത്തിൽ പോലും അതുവരെ ഉണ്ടായിട്ടില്ലാത്ത പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോൾ, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന സാധ്യതയുടെ അനവധി മേഖലകളുണ്ട്.
നോർക്കാ റൂട്ട്സിന്റെ കീഴിലെ ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡി പ്രേം) എന്നിവ എടുത്തുപറയേണ്ട മുൻകൈകളാണ്. വ്യവസായ സംരംഭക സാധ്യതകൾ അവതരിപ്പിക്കലാണ് ആദ്യത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങൾക്ക് പണവും ഇളവും ഉറപ്പാക്കലാണ് രണ്ടാമത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം 791 പേർക്ക് 15 കോടി രൂപ സബ്സിഡിയായി നൽകാൻ ഇതുവഴി കഴിഞ്ഞു. പ്രവാസ ജീവിതത്തിനുശേഷം അവശരായി മടങ്ങുന്നവർക്കായുള്ള സാന്ത്വന പദ്ധതിയിലൂടെ പോയവർഷം 25 കോടി രൂപ അർഹരായവർക്കു നൽകി.
കുടിയേറ്റം, അഭയാർത്ഥി പ്രശ്നം തുടങ്ങിയവ സംബന്ധിച്ച നയ-നിയമ നിർമാണ വേദികളിലും മറ്റും സജീവമായി ഇടപെടുക എന്നതാണ് ഇനി ഈ സഭയുടെ മറ്റൊരു ദൗത്യം. ഏറ്റവുമധികം പ്രവാസികളുള്ളതും ഏറ്റവുമധികം പ്രവാസി പണം കൈപ്പറ്റുന്നതുമായ സമൂഹമെന്ന നിലയ്ക്ക് ഇക്കാര്യത്തിൽ നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പ്രവാസികളുടെ മനുഷ്യാവകാശങ്ങൾ മുതൽ തൊഴിലവകാശങ്ങൾ വരെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാവണം ഇത്. പ്രധാനപ്പെട്ട മറ്റു ദൗത്യങ്ങൾ പ്രവാസജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുക, ചൂഷണരഹിതമായ സാധ്യതകൾ കണ്ടെത്തുക, നൈപുണ്യ പരിശീലനം അടക്കമുള്ളവയിലൂടെ അവസരങ്ങൾ ഉപയോഗിക്കാൻ പുതുതലമുറകളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ്.
ഇനി വേണ്ട മറ്റൊരു ഇടപെടൽ, പ്രവാസിക്ഷേമ രംഗത്താണ്. പ്രവാസിക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ വിപുലവും കാര്യക്ഷമവുമാക്കുകയാണ്. ഇതിലേക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം ഇനിയും വർധിപ്പിക്കാനാവും. എന്നാൽ, അതിനു പരിമിതികളുണ്ട്. ഈ പരിമിതികളെ കേന്ദ്ര സർക്കാർ, ആതിഥേയ രാജ്യങ്ങൾ, തൊഴിൽദാതാക്കൾ തുടങ്ങിയവരുടെ സംഭാവനകൾ ഉറപ്പാക്കി പരിഹരിക്കാൻ കഴിയണം.
തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിലും തൊഴിൽ സംരംഭങ്ങളും ഉറപ്പാക്കലാണ് മറ്റൊരു വിഷയം. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ, സഹകരണ സംഘവും മറ്റും രൂപീകരിച്ചു മുമ്പോട്ടുപോകാവുന്ന അവസ്ഥ തുടങ്ങിയവ ഉറപ്പാക്കാനുള്ള ഇടപെടൽ ഇവിടെ പ്രധാനമാണ്.
മറ്റൊരു പ്രധാന കാര്യം നിക്ഷേപത്തിനുള്ള അവസരമൊരുക്കലാണ്. പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ അവസരങ്ങളിലേക്ക് ഇവരെ എത്തിക്കാൻ കഴിയണം. ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി നിക്ഷേപ കമ്പനിയും അവസരങ്ങൾ തുറന്നുതരുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലേക്കൊക്കെ പ്രാപ്തിയുള്ളവരെ ആകർഷിക്കാൻ കഴിയണം.
ഇന്ത്യയിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിച്ച് വേണ്ട കാര്യങ്ങൾ നിർദേശിക്കുക, നമ്മുടെ ഭാഷ, സംസ്‌കാരം എന്നിവ ലോകത്തിന്റെ നാനാ ദിക്കിലുമെത്തിച്ച് ‘മലയാളി’ എന്ന മേൽവിലാസത്തിൽ അഭിമാനിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയും നിങ്ങൾ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങളാണ്.
അടുത്തകാലത്ത് ശ്രദ്ധിക്കേണ്ട പുതിയ ഒരു പ്രവണത പുറം നാടുകളിൽ നിക്ഷേപ സംരംഭകത്വം തെളിയിച്ചവരിൽ നല്ല ഒരു ഭാഗം സ്വന്തം നാട്ടിലും നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നു എന്നതാണ്. അവരുടെ ആഗ്രഹങ്ങൾക്കൊത്ത് ഉയർന്നുനിൽക്കുന്ന പ്രൊജക്ടുകൾ ഇല്ലായിരുന്നു മുമ്പ്. എന്നാലിന്ന് അടിസ്ഥാന വികസനമടക്കമുള്ള കാര്യങ്ങളിലൂടെ, വ്യവസായ സംരംഭങ്ങളിലൂടെ, പ്രവാസി ചിട്ടിയിലൂടെ, പ്രവാസി ഡിവിഡന്റ് പദ്ധതിയിലൂടെ പല പ്രൊജക്ടുകൾ നമ്മൾ മുമ്പോട്ടുവെയ്ക്കുന്നു.
രണ്ടാം സമ്മേളനത്തിന്റെ ഏറ്റവും പ്രധാന തീരുമാനമായി വരേണ്ട ഒരു കാര്യം ലോക കേരളസഭ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ സ്ഥാനത്ത് ലോക കേരളസഭാ നിയമം യാഥാർത്ഥ്യമാക്കുക എന്നതാണ്. ലോക കേരളസഭാ ബില്ലിന്റെ പ്രാഥമിക കരട് വികസിപ്പിച്ച് നിയമസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുക എന്നതാണ് ഒരു പ്രധാന അജണ്ട. ലോക കേരളത്തിന്റെ പൊതു ജനാധിപത്യവേദി എന്ന നിലയ്ക്ക് നിയമപരമായ ദാർഢ്യം നൽകാനുദ്ദേശിച്ചുള്ളതാണ് ഈ ബില്ല്.
പ്രവാസികൾ പല തലങ്ങളിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുതൽ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരെയുണ്ട്. കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയും ബാധിക്കുന്ന ദേശീയ നയമോ നിയമമോ ഇല്ല എന്നതു ഗുരുതര പ്രശ്നമാണ്. പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്കായി കേന്ദ്രത്തിനു മേൽ എല്ലാ വിധത്തിലും സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ്. ദേശീയതലത്തിൽ ഇത്തരം പദ്ധതികളൊന്നുമില്ല. നോർക്കയും പ്രവാസി ക്ഷേമനിധി ബോർഡും ചെയ്യുന്ന കാര്യങ്ങൾ വിപുലവും ശക്തവുമാക്കണം. പ്രവാസി സമൂഹത്തിന്റെയും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളോടെയുള്ള ഒരു കൺസോർഷ്യം ആലോചിക്കാവുന്നതാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും സർക്കാർ കാണുന്നത്. മന്ത്രിമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തീരുമാനങ്ങൾ സർക്കാരും തദ്ദേശ സമിതികളും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറഞ്ഞു.
Post Your Comments