ഡല്‍ഹി: ഏവരും കാത്തിരിക്കുന്ന ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം നടത്തുക. ലാന്‍ഡര്‍ റോവര്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുന്നത് ഓരോ ഇന്ത്യക്കാരനും ഈ വർഷം നോക്കി കാണാം. മന്ത്രി കൂട്ടിച്ചേർത്തു.
ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ത്യക്ക് നേട്ടം തന്നെയായിരുന്നു. ഒരിക്കലും അത് പരാജയപ്പെട്ടതായി പറയാന്‍ കഴിയില്ല. ഒരു രാജ്യത്തിന്റെയും ദൗത്യങ്ങള്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും നിരവധി പരീക്ഷണത്തിന് ശേഷമാണ് വിജയം കൈവരിച്ചിരിക്കുന്നത്.
ചാന്ദ്രയാന്‍ മൂന്ന് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ചാന്ദ്രപര്യവേഷണ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യാനുളള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ചന്ദ്രയാന്‍-2. പക്ഷേ, 500 മീറ്റര്‍ മുകളില്‍ വച്ച് നിശ്ചയിച്ച പാതയില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വാഹനം ഇടിച്ചിറങ്ങുകയായിരുന്നു. വാഹനം ഇടിച്ചിറങ്ങിയെന്ന കാര്യം മാസങ്ങള്‍ക്കു ശേഷമാണ് ബഹിരാകാശ വകുപ്പ് ഔദ്യോഗികമായി പാര്‍ലമെന്റിനെ അറിയിച്ചത്.
ചന്ദ്രയാന്‍- 2 വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യ ലാന്റിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍. ലാന്റര്‍ നിര്‍ദ്ദിഷ്ട വേഗതയേക്കാള്‍ ഏറെ കുറഞ്ഞുപോയതാണ് പരാജയകാരണമെന്നാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.
ചന്ദ്രയാൻ-2ൽനിന്ന് സമ്പാദിച്ച അനുഭവവും ലഭിച്ച അടിസ്ഥാനസൗകര്യവും ചന്ദ്രയാൻ-3ന്റെ ചെലവുകുറയ്ക്കുമെന്ന് സിങ് പറഞ്ഞു. അതേസമയം, ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് വിശദമായി റിപ്പോർട്ട് തയ്യാറാക്കാൻ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥന്റെ അധ്യക്ഷതയിൽ ഒരു ഉന്നതതല കമ്മിറ്റിക്കും ഇന്‍ഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ രൂപം നൽകിയിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2020 നവംബറോടെ ചന്ദ്രനിൽ വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ദൗത്യത്തിലാണ് ഇസ്രോ.
Post Your Comments