കോംഗോ: കോംഗോയില്‍ ഭീകരവാദ ആക്രമണത്തില്‍ 23 ഗ്രാമീണർ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്നും ഗ്രാമീണരായ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ഉഗാണ്ടന്‍ ഇസ്ലാമിക് സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‍സാണ് (എഡിഎഫ്) ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ അതിര്‍ത്തിയോടടുത്തുള്ള അപെറ്റിന എന്ന ഗ്രാമത്തില്‍ ഞായറാഴ്‍ച രാത്രി ആക്രമണമുണ്ടായതായി തിങ്കളാഴ്‍ചയാണ് കോംഗോ അധികൃതര്‍ അറിയിച്ചത്.
ആക്രമണത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എഡിഎഫിനെ ഇല്ലാതാക്കാനുള്ള നടപടി കോംഗോ സൈന്യം തുടങ്ങിയത് കഴിഞ്ഞ ഒക്ടോബര്‍ 30-നാണ്. അതിനുശേഷം രാജ്യത്ത് പലയിടങ്ങളിലും എഡിഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതുവരെ 200ലധികം സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എഡിഎഫിന്‍റെ എല്ലാ കേന്ദ്രങ്ങളും സൈന്യം തകര്‍ത്തതായാണ് കോംഗോ പ്രസിഡന്‍റ് ഫെലിക്സ് ഷിസെകെഡി പ്രഖ്യാപിച്ചത്. എന്നാല്‍ ആക്രമണം നിലയ്ക്കുന്നില്ല. ഡിസംബര്‍ ആദ്യം രണ്ട് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments