റുപേ കാർഡുകൾ, യുപിഐ പേയ്‌മെന്റുകൾ എന്നിവയിലൂടെയുള്ള സമ്പത്തിക ഇടപാടുകൾക്ക് എംഡിആർ (മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്) ചാർജുകൾ ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നയത്തെ വിമർശിച്ച് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ഇന്ത്യ ചെയർമാൻ വിശ്വാസ് പട്ടേൽ. ഇത്തരമൊരു പരിഷ്കാരം ഡിജിറ്റൽ പേയ്‌മെന്റ് വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്നാണ് അദേഹം മുന്നറിയിപ്പ് നൽകുന്നത്.
ഇത്തരമൊരു തീരുമാനം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് ഞെട്ടിക്കുന്നു. റുപേയിലെയും യുപിഐയിലെയും പൂജ്യം എംഡിആർ ഡിജിറ്റൽ പെയ്മെന്റ് വ്യവസായത്തെ നശിപ്പിക്കും. ഇത് പേയ്‌മെന്റ് വ്യവസായത്തിന്റെ ദേശസാൽക്കരണം പോലെയാണ്. ഡിജിറ്റൈസേഷൻ വർധിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ചെലവ് വഹിക്കണമെന്നും പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വാസ് പട്ടേൽ പറഞ്ഞു.
പുതിയ പരിഷ്കാരം പേയ്‌മെന്റ് വ്യവസ്ഥിതിയിൽ വലിയ സ്വാധീനം ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എംഡിആർ പൂജ്യമാക്കുമ്പോൾ വരുമാനം ഇല്ലാതാവുകയും ഇത് വ്യവസായത്തിന് നഷ്ടം വരുത്തുമെന്നും വ്യാപാരികളുടെ പ്രതിനിധി സംഘം മുന്നറിയിപ്പ് നൽകി. കൂടാതെ, 500 ദശലക്ഷത്തിലധികം വരുന്ന റുപേ ഡെബിറ്റ് കാർഡുകളിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെങ്കിൽ സേവന ദാതാക്കൾ നഷ്ടം കുറയ്ക്കുന്നതിന് പിഒഎസ് മെഷീനുകൾ പിൻവലിക്കാൻ തുടങ്ങും.
ഡിജിറ്റൽ പേയ്‌മെന്റുകൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എംഡിആർ പൂജ്യമാക്കുന്നത് അനുയോജ്യമല്ല, മറിച്ച് കുറഞ്ഞ നിരക്കിലുള്ള എംഡിആറും വ്യാപാരികൾക്ക് അധിക നികുതി ആനുകൂല്യങ്ങളും നൽകുകയാണ് വേണ്ടതെന്നും പട്ടേൽ നിർദ്ദേശിച്ചു. പുതിയ തീരുമാനം മുഴുവൻ ഡിജിറ്റൽ പേയ്‌മെന്റ് വ്യവസായത്തെയും ദോഷകരമായി ബാധിക്കും. ഡിജിറ്റൽ എക്കോണമി എന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന ഇന്ത്യയെ ഇത്തരം തലതിരിഞ്ഞ പരിഷ്ക്കാരങ്ങൾ ലക്ഷ്യത്തിൽ നിന്നും പിന്നോട്ട് അടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർവീസ് ചാർജുകൾ ജനങ്ങളെ ഡിജിറ്റൽ പെയ്മെന്‍റ് സംവിധാനങ്ങളിൽ നിന്ന് അകറ്റുമെന്ന വിലയിരുത്തലിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.
Post Your Comments