കാക്കനാട്: പുതുവര്‍ഷത്തില്‍ കര്‍നമാക്കി ഓപ്പറേഷന്‍ പ്യൂവര്‍ വാട്ടര്‍. ഇത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ലോറി ഉടമകള്‍, സെപ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന ലോറി ഉടമകള്‍ എന്നിവരുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുടിവെള്ളം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കളക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ പരിശോധനകള്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. ജനുവരി ഒന്നു മുതല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും കുടിവെള്ള വിതരണ പരിശോധന കൃത്യമായ രീതിയില്‍ നടപ്പിലാക്കണമെന്നും എന്നും അതാതു ദിവസത്തെ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.
വിതരണം ചെയ്യേണ്ട വെള്ളത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച് ക്വാളിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പരിശോധന നടത്തണം. വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളില്‍ എല്ലാദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തണം. െപിവിസി പ്ലാസ്റ്റിക് നിര്‍മ്മിത ടാങ്കുകളില്‍ കുടിവെള്ളം നിറയ്ക്കുന്നത് അനുവദനീയമല്ല.
കൂടാതെ ടാങ്കറുകളില്‍ കുടിവെള്ളം കൊണ്ടു പോകുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രം കുടിവെള്ളവിതരണം നടത്തേണ്ടതും മറ്റു ആവശ്യങ്ങള്‍ക്കുള്ള ടാങ്കറുകളില്‍ അക്കാര്യം രേഖപ്പെടുത്തുകയും വേണം. പാറമടകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും മലിനജലം വിതരണം ചെയ്യുന്നതിന് എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഫുഡ്‌സേഫ്റ്റി സ്‌ക്വാഡിന് നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണത്തിനുള്ള ടാങ്കറുകളില്‍ നീലനിറവും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൈറ്റിലേക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളില്‍ ബ്രൗണ്‍ നിറവും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളില്‍ മഞ്ഞ നിറവും നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണം. കുടിവെള്ള ടാങ്കിന്റെ ഉള്‍വശത്ത് ഇപിഐ കോട്ടിങ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ബില്ല്, സീല്‍ എന്നിവ ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കണം.
ജലസ്രോതസ്സുകളിലേക്ക് തുറന്ന് വിട്ടുട്ടുള്ള സെപ്റ്റിക് ടാങ്കുകളുടെ വാല്‍വുകള്‍കള്‍ സമയബന്ധിതമായി പരിശോധന നടത്തി അടപ്പിക്കാന്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ശ്രദ്ധിക്കണം. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒമ്പത് ടാങ്കര്‍ ലോറികളില്‍ രണ്ടെണ്ണം മാത്രമാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നത്. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോ എന്ന് പരിശോധിക്കുകയും ജല അതോറിറ്റിയില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
Post Your Comments