തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് പ്രസിഡന്റില്ലാത്തതിന്റെ വിടവ് നികത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘കേരളത്തിൽ ബിജെപിയുടെ പ്രസിഡന്റിനു പകരം ഗവർണർ’? എന്നാരെങ്കിലും ചോദിച്ചാൽ തെറ്റില്ല. ഗവർണറുടെ നിലപാട് പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പൊലെയാണെന്നും കോടിയേരി പരിഹസിച്ചു.
പൗരത്വ ബിൽ സംയുക്ത പ്രതിഷേധങ്ങളെ എതിർത്ത് നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കോടിയേരി വിമർശനം ഉന്നയിച്ചു. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.
ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം താനായിരുന്നു അധികാരത്തിലെങ്കിൽ പൗരത്വ ഭേദഗതി നിയമം ബലം പ്രയോഗിച്ചാണെങ്കിലും നടപ്പാക്കിയേനെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കണമെന്നും അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവർണർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ഗാന്ധിയും നെഹ്റുവും കൊടുത്ത വാക്കാണെന്ന് പറഞ്ഞ ആരിഫ് ഖാൻ പക്ഷെ നിയമം നടപ്പാക്കാൻ താൻ സർക്കാരിനെ ഉപദേശിക്കില്ലെന്നും വ്യക്തമാക്കി.
Post Your Comments