Latest NewsIndiaNews

അമിത് ഷായുടെ ഫോൺ നമ്പറിൽ നിന്ന് മന്ത്രിയെ വിളിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാൻഡ് ഫോൺ നമ്പർ ഉപയോ​ഗിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിം​ഗ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി തട്ടിയെടുക്കാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാൻഡ് ഫോൺ നമ്പറുകൾ ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചത്.

ജഗ്താർ സിം​ഗ്, ഉപ്കാർ സിം​ഗ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ കേസിൽ ഇവരുടെ പങ്ക് എന്താണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഡിസംബർ ആദ്യ വാരം ലഭിച്ച ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്‍റെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൃഷ്ണ മേനോൻ മാർഗിലുള്ള അമിത് ഷായുടെ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നാണ് മന്ത്രിക്ക് ആദ്യം കോൾ വന്നത്. പാർട്ടി ഫണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകണമെന്ന് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ, തുടർച്ചയായി കോളുകൾ വരാൻ തുടങ്ങിയതോടെ രഞ്ജിത് സിം​ഗ് അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഇത്തരത്തിലൊരു ഫോൺകോൾ ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിക്ക് ലഭിച്ച മറുപടി.

സംഭവത്തിൽ പരാതി ലഭിച്ച പൊലീസ് ഫോൺവിളിച്ചവരുമായി ബന്ധപ്പെട്ട് പണം വാങ്ങാനായി ഹരിയാന ഭവന് സമീപം എത്താൻ ആവശ്യപ്പെടുകയായിരുന്നു. പണം കൈപ്പറ്റാൻ വന്ന ജഗ്താർ സിം​ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡിൽ വെച്ചാണ് ഉപ്കാർ സിം​ഗ് പിടിയിലാകുന്നത്. അതേസമയം, തനിക്ക് ഇത്തരത്തിലുള്ള കോളുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്  രഞ്ജിത് സിം​ഗ് വാർത്ത പുറത്ത് വന്നതിന് ശേഷം നടത്തിയ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button