Latest NewsArticleIndiaNews

പൗരത്വ പ്രക്ഷോഭം: മുസ്ലിം വോട്ട് ലക്ഷ്യമിട്ട്; ഉത്തരേന്ത്യയിൽ പോലും അത് പരാജയത്തിലേക്ക്; രാജ്യമെമ്പാടും ബിജെപി റാലികൾ, സമ്പർക്ക യജ്ഞം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോൾ നടക്കുന്നത് മുസ്‌ലിം പ്രീണനത്തിന് വേണ്ടിയുള്ള പ്രതിപക്ഷ കക്ഷികളുടെ പടപ്പുറപ്പാടാണ് എന്നത് ദിനം പ്രതി വ്യക്തമാവുന്നു. ഡൽഹിയിലും യുപിയിലും കേരളത്തിലും വരെ നടക്കുന്നത് അതാണ്. അതിന് കോൺഗ്രസും സിപിഎമ്മും പോലും ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുന്നത് പോപ്പുലർ ഫ്രണ്ട് ( പിഎഫ്ഐ)  പോലുള്ള വർഗീയ അക്രമ ദേശവിരുദ്ധ സംഘടനകളെയും. യഥാർഥത്തിൽ സമരത്തിന്റെ പേരിൽ ഇക്കൂട്ടർ നിരപരാധികളായ മുസ്ലിം യുവാക്കളെ വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്, തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ ഇത് യു.പിയിലടക്കമുള്ള മുസ്ലിങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. അതെ സമയം ബിജെപി ആവട്ടെ രാജ്യമെമ്പാടുമായി ഏതാണ്ട് അഞ്ഞൂറിലേറെ കൂറ്റൻ റാലികൾ സംഘടിപ്പിക്കുന്നു. വലിയ ജനാവലിയാണ് അതിൽ ഓരോന്നിലും എത്തുന്നത്. രാജ്യത്തെ മൂന്ന് കോടി വീടുകളിൽ സമ്പർക്കം നടത്താനും നിലപാട് വ്യക്തമാക്കാനും ബിജെപി തയ്യാറായിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ചില മാർച്ചുകൾ നടത്തിയത് മറക്കുകയല്ല. പക്ഷെ മുസ്ലിങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ വെള്ളിയാഴ്ചയും പ്രകടനങ്ങൾ നടത്താൻ മുൻകയ്യെടുക്കുന്നത് ഇന്നിപ്പോൾ കോൺഗ്രസ് നേതാക്കളാണ് എന്നത് കാണാതെ പോകാനാവുമോ. കേരളത്തിൽ അതൊക്കെ നടക്കുന്നുവെങ്കിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ അത് എത്രത്തോളമാവും. കഴിഞ്ഞ വെള്ളിയാഴ്ചയും അത് കാണുകയുണ്ടായി. വെള്ളിയാഴ്ച പ്രാർഥനക്ക് മുസ്ലിം ദേവാലയങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ചും ഉച്ച സമയത്ത്. ആ പ്രാർഥന കഴിഞ്ഞിറങ്ങുന്ന മുസ്ലിങ്ങളെ പ്രകടനത്തിലേക്ക് നയിക്കുകയാണ് കോൺഗ്രസും സിപിഎമ്മും ഒക്കെ ചെയ്യുന്നത്. പള്ളികളിൽ പ്രാർഥന സഭകളിൽ കേന്ദ്ര വിരുദ്ധ പ്രസംഗങ്ങളും നടത്തുന്നു. ആ പ്രസംഗങ്ങൾ കേന്ദ്ര വിരുദ്ധം മാത്രമാണോ അതെന്നത് പരിശോധിക്കപ്പെടണം എന്ന് അഭിപ്രായമുള്ളവരെയും നാം കാണുന്നുണ്ടിപ്പോൾ.

മുസ്ലിം പള്ളികളിൽ ഒത്തുകൂടുന്നവരെ തെരുവിലേക്ക് നയിക്കുന്നത് താൽക്കാലികമായി ഒരു നേട്ടമായി കോൺഗ്രസും സിപിഎമ്മും കാണുന്നുണ്ടാവും.  എന്നാൽ ആരൊക്കെയാണ് അതിനൊപ്പമുള്ളത് എന്നതവർ തിരിരിച്ചറിയുന്നുണ്ടോ? സംശയമാണ്. അക്കൂട്ടത്തിൽ പോപ്പുലർ ഫ്രണ്ട് കാരുണ്ട്, ഭീകരപ്രവർത്തനത്തിന് കുറ്റംചാർത്തപ്പെട്ട് ജയിലിൽ കഴിയുന്ന മദനിയുടെ കൂട്ടുകാരുണ്ട്, നിരോധിത സിമി യുടെ നേതാക്കളുണ്ട് എന്നതൊക്കെ നാട്ടുകാർ തിരിച്ചറിയുന്നു. അവരെ നയിക്കാനാണ് സിപിഎം, കോൺഗ്രസ് നേതാക്കൾ ഓടിച്ചെല്ലുന്നത്. അത് രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണ് എന്നത് കോൺഗ്രസുകാരെങ്കിലും ചിന്തിക്കണ്ടേ; അതോ തല്ക്കാലം മുസ്ലിം വോട്ടാണ് വേണ്ടത്, അതുകൊണ്ട് ആരുണ്ടെങ്കിലും കുഴപ്പമില്ല എന്നതാണോ?

ഈ കുതന്ത്രം കോൺഗ്രസ് കേരളത്തിൽ മാത്രമല്ല നടത്തുന്നത്; തുടങ്ങിയത് ഡൽഹിയിലാണ്. അവിടെ ജുമാ മസ്‌ജിദിൽ രണ്ടാഴ്ചമുമ്പ് ഇമാമിന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ട് അക്രമത്തിന് ഒരു കൂട്ടം തയ്യാറായപ്പോൾ അതിനൊപ്പം കോൺഗ്രസുകാരും  കെജ്‌രിവാളിന്റെ എഎപി-ക്കാരുമുണ്ടായിരുന്നു. അവരാണ് അന്ന് പ്രകടനത്തിന് നേതൃത്വം നൽകിയത്. പള്ളിയിൽ അവിടെ പ്രാർഥനക്ക് ആയിരങ്ങൾ എത്താറുണ്ട്; എന്നാൽ പ്രകടനത്തിൽ സംബന്ധിച്ചത് അതിന്റെ ചെറിയൊരു ഭാഗം.   മുസ്ലിം ജനത മുഴുവൻ ഇക്കൂട്ടരുടെ വലയിൽ വീഴുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ അത് . പക്ഷെ കുറേപ്പേർ അവരുടെയൊപ്പം കൂടി; സമാധാനപരമാവും എന്നൊക്കെ പറഞ്ഞുവെങ്കിലും ഇടക്കുവെച്ചു അത് അക്രമാസക്തമായി. വഴിയിൽ കണ്ടതൊക്കെ ആക്രമിച്ചു, വാഹനങ്ങൾ അഗ്നിക്കിരയാക്കി. അപ്പോഴാണ് തിരിച്ചറിഞ്ഞത്  ഭിം ആർമി എന്ന കുപ്രസിദ്ധ സംഘടനയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് അതിലുണ്ടായിരുന്നു എന്ന്.  ജുമാ മസ്‌ജിദിൽ കടന്നുചെന്ന് മുസ്ലിം സഹോദരങ്ങളെ വഴിതെറ്റിക്കാൻ ഇറങ്ങിത്തിരിച്ചത് അത്തരക്കാരാണ്. യു.പിയിൽ അനവധി വർഗീയ കലാപങ്ങളിൽ അയാൾക്ക് പങ്കുള്ളതായി മുൻപ് തെളിഞ്ഞിരുന്നു; അയാളുടെ ബന്ധങ്ങൾ പലതും രാജ്യവിരുദ്ധ ശക്തികളുമായിട്ടാണ് എന്നതും കേന്ദ്ര ഏജൻസികളും യുപി പോലീസും മറ്റും കണ്ടെത്തിയതാണ്. ഐഎസ്‌ഐ പോലുള്ള സംഘടനകളുമായുള്ള  അടുപ്പം മാവോയിസ്റ്റ് സംഘങ്ങളുമായുള്ള ബന്ധം ഒക്കെ പലവട്ടം ചർച്ചചെയ്തിട്ടുമുണ്ട്. അത്തരമൊരാളെ എന്തിനാ മുസ്ലിം സമൂഹം ജുമാ മസ്‌ജിദിൽ എത്തിച്ചത്, അല്ലെങ്കിൽ പരിപാവനമായ ഒരു പള്ളിയിൽ  എത്താൻ അനുവദിച്ചത്?

ഇതൊക്കെ കഴിഞ്ഞ് അയാളെ ദൽഹി പോലീസ് കയ്യോടെ പിടികൂടിയതാണ്; അവിടെനിന്ന് അയാൾ ഒളിച്ചുകടന്നു. അതിന് സൗകര്യമൊരുക്കിയത് ചില ആംആദ്‌മി പാർട്ടി നേതാക്കൾ. എന്നാൽ പിറ്റേന്ന് പുലർച്ചെ ജുമാ മസ്‌ജിദിന് മുന്നിൽ നിന്ന് അയാളെ പോലീസ് പിടികൂടി. ഒരു രാത്രി മുഴുവൻ മുസ്ലിങ്ങൾ അയാളെ പള്ളിയിൽ സംരക്ഷിച്ചു എന്നർത്ഥം. എന്താണിത് കാണിക്കുന്നത്? ഇത് മുസ്ലിം പ്രക്ഷോഭമാണ് എന്ന് പറയുമ്പോൾ തന്നെ അതിലേക്ക് ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകൾ അക്രമകാരികൾ ദേശവിരുദ്ധർ എന്നിവരെ എന്തിന് കൊണ്ടുവരണം. അത് ആരുടെ താല്പര്യമാണ്?  ഇത് ഇങ്ങനെപോകാനാവില്ല എന്ന് നേരത്തെ പറഞ്ഞത് അജ്‌മീറിലെ ദർഗയിലെ മേധാവിയാണ് എന്നതോർക്കുക.

ഇന്നിപ്പോൾ പിഎഫ്ഐ- ക്കെതിരെ ശക്തമായ നടപടിക്ക് ചില സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നു. കർണാടകം അതിനെ  നിരോധിക്കും എന്നതാണ് കേൾക്കുന്നത്. ഡൽഹിയിൽ ജാമിയ മിലിയയിലെ വിദ്യാർഥിനികൾ പോലും ഉൾപ്പെട്ട അക്രമ തീവെപ്പ് കേസുകൾക്ക് പിന്നിലുണ്ടായിരുന്നത് പോപ്പുലർ ഫ്രണ്ടാണ് എന്നത് ദൽഹി പോലീസ് പറയുന്നുണ്ട്. 150 -ഓളം പോപ്പുലർ ഫ്രണ്ടുകാർ സംഭവത്തിന് മുൻപേ ജാമിയ മിലിയ കാമ്പസിൽ എത്തിയിരുന്നുവെന്നും അവർക്ക് വ്യാജ ഐഡന്റിറ്റി കാർഡുകൾ കൊടുത്തിരുന്നു എന്നും അവരെ അനധികൃതമായി ഹോസ്റ്റലുകളിൽ പാർപ്പിച്ചു എന്നതുമൊക്കെ ഇതിനകം ചർച്ചാവിഷയമായിട്ടുണ്ട്. മംഗലാപുരത്ത്‌ കലാപമഴിച്ചുവിട്ടതും അതെ കൂട്ടർ തന്നെയാണ്. ഉത്തർ പ്രദേശ്  പോലീസ് പറയുന്നതും അക്രമികളിൽ കുറെപ്പേർക്കുള്ള പോപ്പുലർ ഫ്രണ്ട്  ബന്ധത്തെക്കുറിച്ചാണ്. ഇതൊക്കെ എന്റെ കണ്ടെത്തലല്ല , മാധ്യമങ്ങളിൽ ഇതിനകം വന്നിട്ടുള്ള വാർത്തകളാണ്. വേറൊന്ന് കേട്ടത്, യുപിയിലും കര്ണാടകത്തിലുമൊക്കെ അക്രമം നടത്തിയവർക്ക് കേരളവുമായി ബന്ധമുണ്ട് എന്നതാണ്. അതൊക്കെ സമഗ്രമായി അന്വേഷിക്കപ്പെടുക തന്നെ ചെയ്യുമല്ലോ. കേന്ദ്ര ഏജൻസികളും അതിന് ശ്രമിക്കുന്നുണ്ടാവും.

രാഷ്ട്രീയക്കാരുടെ പിന്നാലെ പോയി സമരത്തിൽ പങ്കാളികളായവർക്ക് , വിദ്യാർഥികൾക്ക്,  ഇനിയും സമാധാനിക്കാവുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇത്തരമൊരു വേളയിലാണ് കേരളത്തിലെ കോൺഗ്രസുകാരും സിപിഎമ്മുകാരുമൊക്കെ ഇത്തരം ശക്തികളുമായി ചേർന്ന് ഇപ്പോഴും തെരുവിലിറങ്ങുന്നത്. യഥാർഥത്തിൽ  അവർ കേരളത്തിലെ മുസ്ലിം സമൂഹത്തെ ആകെ അപമാനിക്കുകയാണ്, കുഴപ്പത്തിൽ ചാടിക്കുകയാണ്. ബിജെപി വിരോധം പറഞ്ഞുകൊണ്ട് മുസ്ലിങ്ങളെ മുതലെടുക്കുകയാണ്. അത് തിരിച്ചടിക്കുമെന്നതിൽ സംശയമില്ല. ഉത്തരേന്ത്യയിൽ ഇന്നിപ്പോൾ സമരം തളർന്നു കൊണ്ടിരിക്കുന്നു. അതിന്റെ സൂചനകളാണ് ഇന്നലെ യുപിയിൽ കണ്ടത്. പ്രിയങ്ക ഗാന്ധി നടത്തിയ നാടകങ്ങൾ  ജന പിന്തുണ കുറഞ്ഞതിന്റെ ആശങ്കയിൽ നിന്നും അങ്കലാപ്പിൽനിന്നും ഉടലെടുത്തതല്ലെ?. യുപിയിലെ ഹിന്ദി മാധ്യമങ്ങൾ പോലും അതിന് പ്രാധാന്യം കൊടുത്തിട്ടില്ല എന്നതറിയുമ്പോഴാണ് മലയാള മാധ്യമങ്ങളുടെ  റോളും വിഷമവും തിരിച്ചറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button