![](/wp-content/uploads/2019/12/caa-3.jpg)
ലഖ്‌നൗ: പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമായ യുപിയില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കി മുസ്ലിങ്ങള്‍. ബുലന്ദ്‌ഷെഹറില്‍ പ്രതിഷേധത്തിനിടെ അക്രമമുണ്ടാകുകയും നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ആറ് ലക്ഷത്തിന്റെ ചെക്ക് ഒരു കൂട്ടം മുസ്ലിങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.
6.27 ലക്ഷം രൂപയുടെ ചെക്കാണ് ജില്ലാ കളക്ടര്‍ രവീന്ദ്ര കുമാറിനും എസ്പി സന്തോഷ് കുമാര്‍ സിങിനും സംഘം കൈമാറിയത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് ഒരു കൂട്ടം മുസ്ലിങ്ങള്‍ കളക്ടറെയും എസ്പിയെയും കാണാന്‍ എത്തിയത്. ചെക്കിനൊപ്പം അവര്‍ ഒരു കത്തും നല്‍കിയിരുന്നു. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെയാണ് നാശനഷ്ടങ്ങളുണ്ടായത്. മുസ്ലിങ്ങള്‍ക്കിടയില്‍ പിരിവെടുത്ത് സംഖ്യ ശേഖരിക്കുകയായിരുന്നു.
അക്രമ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുള്ളതാണ് കത്ത്. സമാധാനം ആഗ്രഹിക്കുന്ന വിഭാഗമാണെന്നും ഒരിക്കലും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കത്തില്‍ വിശദീകരിച്ചു. പോലീസ് ജീപ്പ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച സംഘത്തെ കളക്ടര്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം പിടിച്ചെടുക്കുന്ന നടപടി തുടങ്ങുന്നതിന് മുമ്ബ് പണം എത്തിച്ചത് നല്ല പ്രവര്‍ത്തനമാണെന്ന് കളക്ടര്‍ പറഞ്ഞു.
റഈസ് അബ്ബാസി, ജഹീര്‍ അഹമ്മദ് ഖാന്‍, നാഫി അന്‍സാര്‍, മുഹമ്മദ് ആബിദ്, കൗണ്‍സിലര്‍മാരായ അക്രം അലി, സലീം എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. യുപിയിലെ പല ജില്ലകളിലും പ്രക്ഷോഭകരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. 14 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് രാംപൂരില്‍ 28 പേര്‍ക്കും മീററ്റില്‍ 12 പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഓരോ അക്രമിയും കരയുമെന്നാണ് മുഖ്യമന്ത്രി യോഗി പ്രതികരിച്ചത്.
Post Your Comments