
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദിപങ്കിട്ട് നടത്തിയ സംയുക്ത സമരത്തിൽ പ്രതിഷേധിച്ച് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് കരുനീക്കം. മുല്ലപ്പള്ളി, സുധീരന്‍, മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരുനീക്കം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന നീക്കമാണിത്. കോണ്‍ഗ്രസ് അണികളുടെ വ്യാപകമായ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. സംയുക്ത സമരം വേണ്ടെന്നതാണ് പാര്‍ട്ടി നിലപാടെന്ന് മുല്ലപ്പള്ളി വീണ്ടും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ഐ ഗ്രൂപ്പിന്റെ പോലും പൂര്‍ണപിന്തുണ ചെന്നിത്തലക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ പാര്‍ട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പറയുമെന്ന അടവുനയമാണ് സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികളില്‍ മുസ്‌ലിം ലീഗുമാത്രമാണ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്. മറ്റെല്ലാ ഘടക കക്ഷികളും മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പമാണ്.
യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും ചെന്നിത്തലയെ തള്ളിയതോടെ ലീഗിന്റെ പിന്തുണയില്‍ മാത്രമാണിപ്പോള്‍ ചെന്നിത്തല പിടിച്ചു നില്‍ക്കുന്നത്. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് അടക്കമുള്ള മറ്റു ഘടകകക്ഷികളെല്ലാം യോജിച്ച സമരം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഘടകകക്ഷികളുമായി കൂടിയാലേചന നടത്താതെയാണ് പ്രതിപക്ഷ നേതാവ് സംയുക്ത സമരത്തിന് പോയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ചെന്നിത്തലയുടെ നിലപാടിനെതിരെ പരസ്യമായി തന്നെ ശക്തമായ നിലപാടാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരനും കെ. മുരളീധരവും സ്വീകരിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും വി.ഡി സതീശനടക്കമുള്ള ചുരുക്കം പേരെ ചെന്നിത്തലയെ സംരക്ഷിക്കാനെത്തിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.
Post Your Comments