കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റിനെ ജനുവരി 10ന് തെരഞ്ഞെടുത്തേക്കും. അടിമുടി സംഘടന മാറ്റത്തിന് ഒരുങ്ങുകയാണ് ബിജെപി. പുതിയ മണ്ഡലം പ്രസിഡന്‍റുമാരെ ജനുവരി രണ്ടിന് പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജനുവരി ഏഴിന് ജില്ലാ പ്രസിഡൻറ് ആരൊക്കെയെന്നറിയാം. ദേശീയ വക്താവ് ജി എൽ വി നരസിംഹറാവുവും, സഹ സംഘടന സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനത്ത് എത്തി കോർകമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും. ജനുവരി 8, 9 തീയതികളിൽ ആണ് കൂടിക്കാഴ്ചകൾ.
മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, എം ടി രമേശ്, കെ സുരേന്ദ്രൻ എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ. വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. സംസ്ഥാന ആർഎസ്എസ് എടുക്കുന്ന നിലപാട് നിർണായകമാണ്. കുമ്മനം വീണ്ടും പട്ടികയിൽ ഇടം നേടിയതും ഈ സാധ്യത മുന്നിൽ കണ്ട് തന്നെ.
കേന്ദ്രത്തിലുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കെ സുരേന്ദ്രനെ അധ്യക്ഷൻ ആക്കാനാണ് വി മുരളീധരൻ നീക്കം നടത്തുന്നത്. പിണറായി സർക്കാരിൻറെ അവസാന ഒരു വർഷം ശക്തമായ സമരങ്ങളിലൂടെ പാർട്ടിയെ മുന്നിലെത്തിക്കാൻ സുരേന്ദ്രന് കഴിയുമെന്നതാണ് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Post Your Comments