കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെ തുടർന്നാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
കര്‍ഗില്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് സേവനം പുനഃസ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. നാലു മാസത്തിനിടെ പ്രദേശത്ത് അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ഇവിടുത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരത്തെതന്നെ നൽകി തുടങ്ങിയിരുന്നു, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിദ്വേഷം പടർത്താൻ ഉപയോഗിക്കരുതെന്ന് പ്രാദേശിക മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് കശ്മീരിലെ എല്ലാ വാര്‍ത്താ വിതരണ സംവിധാനങ്ങളും അധികൃതര്‍ വിച്ഛേദിച്ചത്. ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരടക്കം നിരവധിപേരെ കരുതല്‍ തടങ്കലിലുമാക്കിയിരുന്നു.
Post Your Comments