കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസ് കൊച്ചി എന്‍ഐഎ കോടതിയിലേക്ക് മാറ്റുന്നു. ഇതിനുള്ള അപേക്ഷ പ്രത്യേക എന്‍ഐഎ സംഘം സമര്‍പ്പിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലുള്ള കേസാണ് കൊച്ചിയിലേക്ക് മാറ്റുന്നത്.
ആദ്യ നടപടിക്രമം എന്ന നിലയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലുള്ള കേസ് കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ തീരുമാനമായി. ഇതിനുള്ള അപേക്ഷ കോഴിക്കോടും കൊച്ചിയിലും അന്വേഷണ സംഘം സമര്‍പ്പിച്ചു. കേരള പോലീസില്‍ നിന്നും കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് തുടര്‍ നടപടികള്‍ കൊച്ചിയിലേക്ക് മാറ്റുന്നത്.
കോഴിക്കോട് കേസന്വേഷിച്ചിരുന്ന പോലീസ് സംഘത്തില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ബന്ധം സംശയിക്കുന്ന കേസില്‍ തുടര്‍ അറസ്റ്റുകള്‍ വൈകാതെ പ്രതീക്ഷിക്കാമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ 1നാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ മാവോയിസ്റ്റ് ലഘുലേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ സിപിഐഎം ഇവര്‍ക്ക് പിന്തുണ നല്‍കിയെങ്കിലും പിന്നീട് ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി ഘടകങ്ങളില്‍ വിശദീകരിക്കുകയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് നേരത്തെ എന്‍ഐഎ ഏറ്റെടുത്തത്.
Post Your Comments