തിരുവനന്തപുരം : അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മരണത്തിലെ
ദുരൂഹത മാറ്റാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജാഗിയുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. കുടുംബ സുഹൃത്തും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 23നു വൈകിട്ട് പൊലീസ് വീട്ടിലെത്തുമ്പോള്‍ പൂട്ടിയ ഗേറ്റിന്റെ അകത്തു നില്‍ക്കുകയായിരുന്നു ജാഗീയുടെ അമ്മ. മുന്നിലെയും പിന്‍വശത്തെയും വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിനുള്ളിലെത്തിയ പൊലീസ് സംഘം കണ്ടത് അടുക്കളയില്‍ നിലത്തു മരിച്ചു കിടക്കുന്ന ജാഗീയെയാണ്. പാചകത്തിനായി പച്ചക്കറികള്‍ അരിഞ്ഞു വച്ചിരുന്നു.
വാഷിങ് മെഷീനില്‍ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികള്‍ പുറകുവശത്ത് വിരിച്ചിട്ടുണ്ടായിരുന്നു. വീഴ്ചയില്‍ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ 22ന് ഞായറാഴ്ചയാകാം മരണം സംഭവിച്ചത്. അടുക്കളയിലെ തറയുടെ വക്കിലാണ് തലയിടിച്ചത്. പുറമേ രക്തപ്പാടുകളോ ശരീരത്തില്‍ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം. ജാഗീ അടുക്കളയില്‍ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണു കണ്ടെത്തേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ജാഗീയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇവര്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അവസാനം വിളിച്ച ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കവടിയാറിലെ വീട്ടില്‍ വയോധികയായ അമ്മയോടൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. അയല്‍വാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
ഞായറാഴ്ചകളിലാണ് ഇരുവരെയും പുറത്തുകാണാറുണ്ടായിരുന്നതെന്നു പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വര്‍ഷം മുന്‍പു വാഹനാപകടത്തില്‍ ഇവരുടെ മകനും ഭര്‍ത്താവും മരണപ്പെട്ടശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയല്‍ക്കാര്‍ പറയുന്നു.
മോഡലിങ്ങില്‍ സജീവമായിരുന്ന ജാഗി ചാനലുകളിലും യൂട്യൂബിലും പാചക പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബന്ധുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. ഏഴു വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തി.
Post Your Comments