ന്യൂഡൽഹി: ആധാർ കാർഡ് കളഞ്ഞ് പോയാൽ ഇനി വിഷമിക്കണ്ട. പ്രശ്‍നം വളരെ എളുപ്പത്തിൽ പരിഹരിക്കാം. ആധാർ നഷ്ടപ്പെട്ടാൽ ഓൺലൈനായി 50 രൂപയടച്ച് പുതിയ പ്രിന്റഡ് കാർഡിന് ഓർഡർ ചെയ്യാം. ‘എംആധാർ’ (mAadhaar) എന്ന മൊബൈൽ ആപ്‌ളിക്കേഷൻ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
‘ആധാർ റീപ്രിന്റ്’ ഉൾപ്പടെ സൗകര്യങ്ങളാണ് യുഐഡിഎഐ (ആധാർ) ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലുള്ളത്. 15 ദിവസത്തിനുള്ളിൽ കാർഡ് കിട്ടും. പ്രിന്റഡ് ആധാർ കാർഡിന് പകരം എംആധാറിലുള്ള ഡിജിറ്റൽ ആധാർ എവിടെയും ഉപയോഗിക്കാനും കഴിയും. മലയാളം ഉൾപ്പടെ 13 ഭാഷകളിൽ പുതിയ ആപ്ലിക്കേഷൻ പ്രവർത്തിക്കും. ഗൂഗിൾ പ്ലേ, ഐഒഎസ് ആപ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
ആപ്ലിക്കേഷന്റെ സേവനങ്ങൾ:
1. നിങ്ങളുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് (ബയോമെട്രിക് ലോക്ക്) എന്നിവ ഉപയോഗിച്ചുള്ള ആധാർ ഇടപാടുകൾ ലോക്ക് ചെയ്യാം, അൺലോക്ക് ചെയ്യാം
2. ആധാർ നമ്പർ ഒരു ഇടപാടുകൾക്കും ഉപയോഗിക്കേണ്ടതില്ലെന്ന് തോന്നിയാൽ ലോക്ക് ചെയ്യാനും പറ്റും. നിങ്ങൾ വീട് മാറിയെങ്കിൽ ആധാറിലെ വിലാസം മാറ്റാവുന്നതാണ്.
3. 12 അക്കം ഉള്ള യഥാർഥ ആധാറിന് പകരം 16 അക്കം ഉള്ള വെർച്വൽ ഐഡി നമ്പർ ഉപയോഗിക്കാനാകും. ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നത് തടയാനാണ് ഈ സംവിധാനം.
4. ഇടപാടുകാരെ ഓഫ്‌ലൈനായി തിരിച്ചറിയാൻ നോ യുവർ കസ്റ്റമർ (കെവൈസി) രേഖയും ജനറേറ്റ് ചെയ്യാവുന്നതാണ്. ഇതിന് ക്യുആർ കോഡും കിട്ടും.
5. ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
Post Your Comments