Kerala

പമ്പയില്‍ ബന്ധുക്കളെ കാണാതെ വിഷമിച്ച അമ്മമാര്‍ക്ക് തുണയായി സുദര്‍ശനം പദ്ധതി

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനായി രാത്രി ഏറെ വൈകി പമ്പയില്‍ എത്തിയപ്പോള്‍ ബന്ധുക്കളെ കാണാതെ വിഷമവൃത്തത്തിലായ വയോധികരായ അമ്മമാര്‍ക്ക് തുണയായി സുദര്‍ശനം പദ്ധതി. തമിഴ്‌നാട് സ്വദേശികളായ ദേവകിയും, കസ്തൂരിയും തങ്ങളെ കൂട്ടികൊണ്ട് പോകുവാന്‍ എത്തുന്ന ബന്ധുക്കളെ കാത്ത് മണിക്കൂറുകളോളം പമ്പയില്‍ അലഞ്ഞു. ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച അമ്മമാരെ സുദര്‍ശനം പദ്ധതി സന്നദ്ധ പ്രവര്‍ത്തകര്‍ സാന്ത്വനിപ്പിച്ചു. തുടര്‍ന്ന് സുദര്‍ശനം വിശ്രമ കേന്ദ്രത്തിലേക്ക് കൂട്ടി കൊണ്ടു വരുകയും അവിടെയുള്ള ദ്വിഭാഷി അവരോടു കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഫോണ്‍ നമ്പര്‍ മനസിലാക്കി ബന്ധുക്കളെ ഫോണില്‍ ബന്ധപെട്ടു. അതേസമയം പമ്പയില്‍ മറ്റൊരിടത്ത് ബന്ധുക്കള്‍ അമ്മമാരെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ നിലയ്ക്കലേക്ക് മടങ്ങിയിരുന്നു. ഇത് അറിഞ്ഞ് സുദര്‍ശനം പ്രവര്‍ത്തകര്‍ അമ്മമാരെ പമ്പയില്‍ നിന്ന് നിലയ്ക്കല്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് സുരക്ഷിതമായി കൈമാറി. ആശങ്കയൊഴിഞ്ഞു സുരക്ഷിതരായി ബന്ധുക്കളുടെ അടുത്തെത്തിയതിന്റെ ആഹ്ലാദത്തില്‍ അമ്മമാര്‍ സന്തോഷാശ്രുക്കളോടെ ആലിംഗനം ചെയ്താണ് സുദര്‍ശനം സന്നദ്ധ പ്രവര്‍ത്തകരെ യാത്രയാക്കിയത്.

കഴിഞ്ഞ ദിവസം തിരക്കിനിടയില്‍ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി രക്ഷിതാവിനെ ഏല്‍പ്പിക്കുന്നതിന് സമയോചിതമായ ഇടപെടല്‍ നടത്തിയതും സുദര്‍ശനം സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. വയോജന-ഭിന്നശേഷി സൗഹൃദ ശബരിമല എന്ന ലക്ഷ്യത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഈ മാസം ഒന്‍പതിനാണ്് സുദര്‍ശനം പദ്ധതി ആരംഭിച്ചത്. ശബരിമലയില്‍ എത്തിച്ചേരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാരായ തീര്‍ഥാടകര്‍ക്കും പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെയും ദ്വിഭാഷികളുടെയും സേവനം സുദര്‍ശനം പദ്ധതി പ്രകാരം ലഭ്യമാക്കിവരുന്നു. വിവിധ കോളജുകളില്‍ നിന്നുള്ള നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ശബരിമലയില്‍ സുദര്‍ശനം പദ്ധതി സേവനത്തിന് എത്തിയിട്ടുള്ളത്. ഇതിനോടകം ശാരീരിക അവശതമൂലം മലകയറാന്‍ പ്രയാസപ്പെട്ട 3390 തീര്‍ഥാടകര്‍ക്ക് സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കൈത്താങ്ങായി മാറി.

എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ മുഖേന നിരവധി തീര്‍ഥാടകര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 585 തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പ്രവര്‍ത്തിക്കുന്ന സുദര്‍ശനം വിശ്രമകേന്ദ്രത്തിന്റെ സേവനം ഇതുവരെ ലഭ്യമാക്കി. ദര്‍ശനത്തിനായി ക്യൂ നില്‍ക്കാന്‍ വളരെ പ്രയാസമനുഭവിച്ച 271 തീര്‍ഥാടകര്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കി. പമ്പയിലും നിലയ്ക്കലും സുദര്‍ശനം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആരംഭിച്ചു. അവിടെ ദ്വിഭാഷികളുടെ സേവനം ലഭ്യമാക്കി. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വനം വകുപ്പ് കാനന പാതകളില്‍ ഇരിപ്പിട സൗകര്യമൊരുക്കി. എല്ലാ തലങ്ങളിലും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും തുല്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നയത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് സുദര്‍ശനം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ദേവസ്വം ബോര്‍ഡ്, ആരോഗ്യവകുപ്പ്, വനം വകുപ്പ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ പിന്തുണയോടെ ജില്ലാ പ്രൊബേഷന്‍ ഓഫീസാണ് സുദര്‍ശനം പദ്ധതി നിര്‍വഹണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button