നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങള്‍.
ജോലിഭാരവും തിരക്കും ടെന്‍ഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തില്‍ തലവേദന വരുമ്പോള്‍ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ…
ധാരാളം വെള്ളം കുടിച്ചാല്‍ തലവേദന ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിര്‍ജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് ഒരു കാരണമായി പഠനങ്ങള്‍ പറയുന്നു. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിന്‍ വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
തലവേദനയുളളപ്പോള്‍ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ. മദ്യം പല ആളുകളിലും പിരിമുറുക്കത്തിനും തലവേദനയ്ക്കും കാരണമാകുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു.
വിട്ടുമാറാത്ത തലവേദനയ്ക്ക് മികച്ചൊരു പരിഹാരമാണ് ഐസ് പാക്ക്. ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാര്‍ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമമാര്‍ഗമാണിത്. ഫ്രീസറില്‍ വെച്ച് തണുപ്പിച്ച തുണിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കഴുത്തിന്റെ പിന്‍ഭാഗത്ത് മിതമായി ചൂടുപിടിക്കുന്നത് തലവേദനയില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഉത്തമമാണ്. ചൂടേല്‍ക്കുന്നതോടെ പേശികള്‍ റിലാക്‌സ് ചെയ്യും. നല്ല തലവേദനയുളളപ്പോള്‍ ഇളം ചൂടുളള വെളളം നിറച്ച ബക്കറ്റില്‍ കാല്‍ മുക്കി വച്ചു നോക്കൂ. തലവേദന പടി കടക്കും.
യൂക്കാലിപ്റ്റസ് ഓയില്‍ വേദന മാറ്റാന്‍ ഏറെ സഹായകരമാണ്. പേശികള്‍ക്ക് വേണ്ടത്ര റിലാക്‌സേഷനിലൂടെയാണ് ഇതു വേദന കുറയ്ക്കുന്നത്. ഈ രൂക്ഷഗന്ധമുളള എണ്ണ നെറ്റിയില്‍ സാവധാനം തടവിയാല്‍ മതി. യൂക്കാലിപ്റ്റസ് ഓയില്‍ പുരട്ടി ശക്തമായി തിരുമ്മരുത്. അത് ചര്‍മത്തില്‍ തകരാറുണ്ടാക്കും.
തലയിലെ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ ഇഞ്ചി സഹായിക്കും. തലയിലെ വീക്കങ്ങളും മറ്റും മാറ്റാന്‍ പ്രകൃതിദത്തമായി ശരീരത്തിലുണ്ടാകുന്ന വേദനസംഹാരക സ്വഭാവമുളള വസ്തുക്കളുടെ ഉത്പാദന തോത് വര്‍ദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ചേര്‍ത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്പോള്‍ തന്നെ ഈ പ്രതിവിധി സ്വീകരിച്ചാല്‍ ഫലവും പെട്ടെന്ന് ലഭിക്കും. പാല്‍ ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നന്ന്.
Post Your Comments