Latest NewsNewsIndiaBusiness

ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ്‌ മുന്നേറ്റം; വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന്‌ ഒരുങ്ങുന്നു

മുംബൈ: വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന്‌ തയ്യാറായതിനാൽ ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ്‌ മുന്നേറ്റം. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്‌ക്കാണ്‌ മുന്‍തൂക്കം നല്‍കിയത്‌. നിഫ്‌റ്റി 185 പോയിന്റ്‌ പ്രതിവാരനേട്ടത്തിലാണ്‌. ഈ വര്‍ഷം ഇതിനകം 12.97 ശതമാനം സൂചിക മുന്നേറി. ബോംബെ സൂചിക പിന്നിട്ടവാരം 672 പോയിന്റ്‌ ഉയര്‍ന്നു. ഈ വര്‍ഷം സെന്‍സെക്‌സ്‌ 15.56 ശതമാനം ഉയര്‍ന്നു.

ടി.സി.എസ്‌, ആര്‍.ഐ.എല്‍, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഹൗസിംങ്‌ ഡെവലപ്‌മെന്റ്‌ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്‌, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഇന്‍ഫോസീസ്‌, സേ്‌റ്ററ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയ്‌ക്ക്‌ നേട്ടം. വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ 4891 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞവാരം നടത്തിയപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചു. മുന്‍നിരയിലെ പത്തില്‍ എട്ട്‌ കമ്ബനികളുടെ വിപണി മൂല്യത്തില്‍ 1.13 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന.

വിദേശ നിക്ഷേപം ഈ വര്‍ഷം 13.8 ബില്യണ്‍ ഡോളറാണ്‌. അവര്‍ 3751 കോടി രൂപയുടെ വില്‍പ്പന നടത്തി. അഞ്ച്‌ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെങ്കിലും രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച ആറ്‌ വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തിലാണ്‌. വിദേശനാണയ കരുതല്‍ ശേഖരം 13ന്‌ അവസാനിച്ച വാരം 1.07 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്‌ 454.492 ബില്യന്‍ ഡോളറായി. ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ രൂപയ്‌ക്ക്‌ തളര്‍ച്ച. ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 70.66ല്‍ നിന്ന്‌ മുന്‍വാരം സൂചിപ്പിച്ച 71.19 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങില്‍ 71.05 ലാണ്‌. ഈവാരം 71.56-70.55 റേഞ്ചില്‍ രൂപ സഞ്ചരിക്കാം. ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ മുന്നേറാനുള്ള നീക്കത്തിലാണ്‌.

നിലവിലെ സാഹചര്യത്തില്‍ സൂചിക പുതുവര്‍ഷത്തില്‍ 18.40 ഉയരാന്‍ ഇടയുണ്ട്‌. വോളാറ്റിലിറ്റി ഇന്‍ഡക്‌സിന്റെ മുന്നേറ്റം നിക്ഷേപകര്‍ക്ക്‌ റിസ്‌ക്‌ സാധ്യത ഉയര്‍ത്തും. നവംബര്‍ മുതല്‍ നിഷേപകര്‍ക്ക്‌ അനുകുലമായാണ്‌ ഈ സൂചിക നീങ്ങിയത്‌. വാരാന്ത്യം വോളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ ഉയര്‍ന്ന റേഞ്ചില്‍ നിന്ന്‌ 12.49 ലെത്തി. ഒരു തിരിച്ചു പോക്കിനുള്ള ശ്രമത്തിലാണ്‌ സുചികയെന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെ നീക്കങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു

ബോംബെ സൂചിക 41,009ല്‍ നിന്ന്‌ ഒരവസരത്തില്‍ 40,917 ലേയ്‌ക്ക്‌ തളര്‍ന്നങ്കിലും പിന്നീട്‌ കരുത്ത്‌ നേടികൊണ്ട്‌ സര്‍വകാല റെക്കോര്‍ഡായ 41,809 പോയിന്റിലെത്തി. മാര്‍ക്കറ്റ്‌ ക്ലോസിങില്‍ സുചിക 41,681 പോയിന്റിലാണ്‌. ഈ വാരം ആഭ്യന്തര പ്രതിരോധം 42,021 ലും താങ്ങ്‌ 41,128 ലുമാണ്‌. ഈ റേഞ്ചിന്‌ പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക്‌ കാരണമാവും. സാങ്കേതികവശങ്ങള്‍ വീക്ഷിച്ചാല്‍ സൂപ്പര്‍ ട്രന്റ്‌ പാരാബോളിക്ക്‌ എസ്‌.ഏ.ആര്‍ തുടങ്ങിയവ മികവിലാണ്‌.

നിഫ്‌റ്റി സൂചിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങായ 12,271 ലാണ്‌. മുന്‍വാരം വ്യക്‌തമാക്കിയതാണ്‌ നിഫ്‌റ്റിക്ക്‌ 12,271 ല്‍ തടസം നേരിടുമെന്ന്‌. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ വ്യക്‌തമായി വിലയിരുത്തുന്നതിനാല്‍ നിക്ഷേപകര്‍ക്ക്‌ നഷ്‌ടസാധ്യതകള്‍ പലപ്പോഴും ഒഴിവാക്കാനാവും.
നിക്ഷേപകര്‍ക്ക്‌ സാമ്ബത്തിക നേട്ടം സമ്മാനിച്ച വര്‍ഷമാണ്‌ കടന്ന്‌ പോകുന്നത്‌. 2018 ഡിസംബറില്‍ ബി.എസ്‌.ഇ സൂചിക 36,000 പോയിന്റില്‍ നീങ്ങിയ വേളയില്‍ ഇതേ കോളത്തില്‍ മംഗളം വ്യക്‌തമാക്കിയതാണ്‌ ഈ വര്‍ഷം സൂചിക 40,00042,000 ലേയ്‌ക്ക്‌ സഞ്ചരിക്കുമെന്നത്‌.

നിഫ്‌റ്റി പോയവാരം 12,086ല്‍ നിന്ന്‌ 12,294 വരെ കയറിയ ശേഷം മാര്‍ക്കറ്റ്‌ 12,271 ല്‍ ക്ലോസ്‌ ചെയ്‌തു. സൂചിക ഈവാരം 12,113 ലെ സപ്പോര്‍ട്ട്‌ നിലനിര്‍ത്തി 12,361 പോയിന്റിലേയ്‌ക്ക്‌ ഉയരാന്‍ ശ്രമം നടത്താം. വില്‍പ്പന സമ്മര്‍ദ്ദമുണ്ടായാല്‍ ആദ്യ താങ്ങ്‌ തകര്‍ത്ത്‌ 11,955 വരെ പരീക്ഷണങ്ങള്‍ നടത്താം. വ്യാഴാഴ്‌ച്ച ഡിസംബര്‍ സീരീസ്‌ സെറ്റില്‍മെന്റാണ്‌. ബുധനാഴ്‌ച്ച ക്രിസ്‌തുമസ്‌ അവധിയുമാണ്‌. ഊഹക്കച്ചവടക്കാര്‍ വാരത്തിന്റെ ആദ്യപകുതിയില്‍ വിപണിയില്‍ പിടിമുറുക്കാനിടയുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button