Latest NewsNewsOman

ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു; സമുദ്ര ഗതാഗത കരാർ യാഥാർഥ്യമാകുന്നു

ഡല്‍ഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഉടൻ തന്നെ സമുദ്ര ഗതാഗത കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കറിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡിസംബര്‍ 24ന് കരാര്‍ നിലവില്‍ വരും. ഡിസംബര്‍ 22-23 തീയതികളില്‍ നടക്കുന്ന ഇറാന്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും വിദേശകാര്യ വകുപ്പ് മന്ത്രി ഒമാന്‍ സന്ദര്‍ശിക്കുക. ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയേയും സന്ദര്‍ശിച്ചേക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണ് ഇത്.

ഇന്ത്യയുമായി മികച്ച സമുദ്രസഹകരണം നിലനിര്‍ത്തുന്ന രാജ്യമാണ് ഒമാന്‍. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ളയുമായും മറ്റ് മന്ത്രിമാരുമായും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജെയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തും. മസ്കറ്റിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും. 2018 ഫെബ്രുവരിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര സഹകരണം ശക്തമായിരുന്നു.

2018-19 കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്നും അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 78000 ഇന്ത്യന്‍ പൗരന്മാര്‍ വസിക്കുന്ന രാജ്യമാണ് ഒമാന്‍. ഒമാന്റെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button