ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായതോടെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം. അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല. മൂന്ന് അയൽരാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതിയെന്നും കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ലോകത്ത് ഹിന്ദുക്കൾക്ക് വേണ്ടി ഇപ്പോൾ ഒരു രാജ്യം ഇല്ലെന്ന് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരമൊരു നിയമം അനിവാര്യമാണ്. നേപ്പാൾ നേരത്തെ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നുമില്ല. അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങള്‍ക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ടെന്നും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചു.തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലും ജനങ്ങൾക്കുള്ള രോഷം അഭിമുഖീകരിക്കാൻ അവർക്ക് കഴിയില്ല അതുകൊണ്ടാണ് അവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതെന്നും എല്ലാ ഇന്ത്യക്കാരോടുമുള്ള സ്നേഹം കൊണ്ട് മാത്രമേ ബിജെപിയുടെ ഈ നീക്കത്തെ നേരിടിനാകൂ എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Post Your Comments