എടക്കാട് : റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയിലെ നടാല്‍ റെയില്‍വേ ഗേറ്റിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ സംഭവം നടന്നത്.
കണ്ണൂരിലേക്കും തലശ്ശേരി ഭാഗത്തേക്കുമുള്ള രണ്ടു ട്രെയിനുകള്‍ കടന്നു പോയതിനു ശേഷം ഗേറ്റ് തുറന്നു. ഈ സമയം എടക്കാട് ഭാഗത്തെ ദേശീയപാതയില്‍ നിന്നു ഗേറ്റ് കടക്കാന്‍ മുന്‍പില്‍ ഒരു ജെസിബി ആയിരുന്നു. ജെസിബിയെ മറി കടന്നുവരാന്‍ പിന്നിലുള്ള സ്വകാര്യ ബസും മറ്റ് വാഹനങ്ങളും ശ്രമിച്ചതോടെ ആര്‍ക്കും പോകാന്‍ കഴിയാതെ കുരുക്കായി. ഏറെ സമയത്തേക്ക് കുരുക്ക് അഴിക്കാനാകാതെ ഇരു ഭാഗത്ത് നിന്നുമുള്ള ഗതാഗതം സ്തംഭിച്ചു.
ഈ സമയത്താണ് തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ എടക്കാട് സ്റ്റേഷനും കഴിഞ്ഞു ഗേറ്റില്‍ നിന്നു 100 മീറ്ററോളം അകലെയെത്തിയത്. ഇതോടെ പരിഭ്രാന്തരായ ബസ് യാത്രക്കാര്‍ ഇറങ്ങി ഓടി. ഗേറ്റ് വഴി കടന്നുപോകാന്‍ സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ നിര്‍ത്തിയിട്ടു. മാസങ്ങള്‍ക്ക് മുന്‍പ് നടാല്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടക്കുമ്പോള്‍ ട്രെയിന്‍ എന്‍ജിന്‍ കടന്നുപോയിരുന്നു.
അന്നു നിമിഷങ്ങളുടെ വിത്യാസത്തിലാണു സ്വകാര്യ ബസും അതിലുണ്ടായിരുന്ന യാത്രക്കാരും രക്ഷപ്പെട്ടത്.
Post Your Comments