ന്യൂഡൽഹി: എന്നെ ചീത്ത പറഞ്ഞോളൂ, എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതൽ നശിപ്പിക്കരുതെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലീല മൈതാനിയിൽ ബിജെപിയുടെ വിശദീകരണ റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തെ ജനങ്ങളാണു മോദിയെ തിരഞ്ഞെടുത്തത്. എന്നെ ചീത്ത പറഞ്ഞോളൂ, എന്റെ കോലം കത്തിച്ചോളൂ, പക്ഷെ പാവം ജനങ്ങളെ വെറുതേ വിടൂ. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കരുത്, പാവപ്പെട്ടവരുടെ വാഹനങ്ങൾ കത്തിക്കരുത്. സ്കൂൾ ബസുകൾ, ട്രെയിനുകൾ, സൈക്കിൾ, കടകൾ എല്ലാം നശിപ്പിച്ചു. ഇതെല്ലാം രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ പണം കൊണ്ട് ഉണ്ടായതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൃത്യനിർവഹണ സമയത്ത് പൊലീസുകാർക്ക് നിരവധി ആക്രമണങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പൊലീസുകാർക്കെതിരെ കല്ലെറിഞ്ഞതു കൊണ്ട് നിങ്ങൾക്ക് എന്തു ലഭിക്കും. സ്വാതന്ത്ര്യത്തിനു ശേഷം 33,000 പൊലീസുകാർ രാജ്യത്ത് മരണപ്പെട്ടു. രാജ്യത്തെ സമാധാനം നിലനിർത്താനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി പ്രവർത്തിച്ചതിനാലാണ് അവർ രക്തസാക്ഷികളായതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments