ഇടുക്കി : പുതുവര്‍ഷത്തില്‍ ഇടുക്കിക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ . മധുര- ബോഡിനായ്ക്കന്നൂര്‍ റെയില്‍ പാത നിര്‍മാണം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പുതു വര്‍ഷത്തില്‍ ജില്ലയുടെ അതിര്‍ത്തി വരെ ട്രെയിന്‍ എത്തും. ബോഡിനായ്ക്കന്നൂരില്‍ നിന്നും 53 കിലോമീറ്റര്‍ അകലെ ഉസിലംപെട്ടി വരെ ഉള്ള ബ്രോഡ് ഗേജ് പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം മധുര മുതല്‍ ഉസിലംപട്ടി വരെ 37 കിലോമീറ്റര്‍ പുതിയ പാതയില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വഹിക്കുന്ന ചെറിയ ട്രെയിന്‍ സഞ്ചരിച്ചു. 9 വര്‍ഷത്തിനു ശേഷമാണ് ഈ പാതയിലൂടെ ട്രെയിന്‍ ഓടുന്നത്.
നേരത്തെ ബോഡിനായ്ക്കന്നൂര്‍ വരെ ട്രെയിന്‍ ഓടിയിരുന്നു. പാത ഇരട്ടിപ്പിക്കലിന്റെയും ബ്രോഡ് ഗേജാക്കുന്നതിന്റെയും ഭാഗമായി 90 കിലോമീറ്റര്‍ മീറ്റര്‍ ഗേജ് പാത 2010 ല്‍ ആണ് അടച്ചത്. മധുര- ബോഡിനായ്ക്കന്നൂര്‍ സര്‍വീസിന് കാര്‍ഡമം എക്‌സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. 8 പുതിയ പ്രധാന പാലങ്ങളുടെയും നിരവധി ചെറു പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായി. ഏപ്രില്‍ അവസാനത്തോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് റെയില്‍വേയുടെ നീക്കം.
ഇതോടെ ഹൈറേഞ്ച് മേഖലയില്‍ ഉള്ളവര്‍ക്ക് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ട്രെയിന്‍ യാത്രയെ ആശ്രയിക്കാനാകും. ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ പൂപ്പാറയില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയാണ് ബോഡിനായ്ക്കന്നൂര്‍. ഹൈറേഞ്ചില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെ ആലുവയിലും 139 കിലോമീറ്റര്‍ അകലെ കോട്ടയത്തും ആണ് നിലവില്‍ സമീപ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ളത്. ദേശീയ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഒരു മണിക്കൂറിന് ഉള്ളില്‍ പൂപ്പാറയില്‍ നിന്നും ബോഡിനായ്ക്കന്നൂരില്‍ എത്താം.
Post Your Comments