Kerala

മ​​​​​​​ത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ

ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേർതിരിവുമില്ലാതെ കേരളത്തിൽ ജോലി ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഏതു മതത്തിലും ജാതിയിലുംപെട്ടവർക്ക് ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമ നടപടികളിൽ കേരളത്തെ മറികടക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളെ അതിഥികളായാണു കേരളം സ്വീകരിച്ചത്. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയുമൊക്കെ പേരിൽ കുടിയേറ്റതൊഴിലാളികളെ മാറ്റി നിർത്തുമ്പോൾ കേരളം അവരെ അതിഥികളായി വരവേൽക്കുകയാണ്. കേരളീയജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘടകമായി അതിഥി തൊഴിലാളികൾ മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Read also: മുസ്‍ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ധരിക്കാം; യൂണിഫോമില്‍ പരിഷ്കാരവുമായി ഒരു അശുപത്രി

കേരളത്തിലെ തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ തൊഴിലാളികൾക്കും സർക്കാർ നൽകുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകടമരണഇൻഷൂറൻസും 25,000 രൂപയുടെ സൗജന്യ ചികിത്സയും പ്രസവ സംബന്ധമായ ആനുകൂല്യവും ലഭ്യമാക്കുന്ന ആവാസ് അഷ്വറൻസ് പദ്ധതി ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ആവാസ് മുഖേന 56 സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവരെ 4.91 ലക്ഷം തൊഴിലാളികൾ ആവാസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി ആനുകൂല്യങ്ങളിലും സർക്കാർ വർധനവ് വരുത്തിയിട്ടുണ്ട്. മരണാനന്തര സഹായം 10,000 രൂപയിൽ നിന്ന് 25,000 ആയും അപകട മരണ ധനസഹായം 50,000 രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയായും വർധിപ്പിച്ചു. സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തെത്തിക്കാൻ 50,000 രൂപയും ധനസഹായം നൽകുന്നുണ്ട്. അതിഥി തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച അപ്‌നാഘർ പദ്ധതിയിലെ ആദ്യ ഫ്‌ളാറ്റ് സമുച്ചയം പാലക്കാട് കഞ്ചിക്കോട്ട് ഉദ്ഘാടനം ചെയ്തു. 610 തൊഴിലാളികൾക്കാണ് അവിടെ താമസസൗകര്യമുള്ളത്. എറണാകുളത്തും കോഴിക്കോട്ടും അപ്‌നാഘർ പദ്ധതി നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തും പെരുമ്പാവൂരിലും കോഴിക്കോട്ടും ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button