സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ്പ്ലൈകോ ക്രിസ്മസ് സ്പെഷ്യൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു. കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്നും 50 മെട്രിക് ടൺ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു വരികയാണ്. മൂന്ന് നാല് ദിവസങ്ങൾക്കുളളിൽ അവ കേരളത്തിൽ വിതരണത്തിന് എത്തിച്ചേരും.
Read also: കാലാവസ്ഥാ വ്യതിയാനം : ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങിനും വില മുകളിലേയ്ക്ക്
ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതൽ 77 രൂപ വരെ നിരക്കിൽ കേരളത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും, അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്പോളങ്ങളിലെ വില കുറയ്ക്കുവാൻ മൊത്ത വ്യാപാരികൾ നിർബന്ധിതരാകും. വിലവിവരം പ്രദർശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments