മംഗളൂരു: കർണാടക പൊലീസ് മലയാളികളായ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനാണെന്നാണ് യെദൂരപ്പയുടെ വിശദീകരണം. സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചെന്നും, ചിലരുടെ കയ്യില്‍ മതിയായ രേഖ ഉണ്ടായിരുന്നില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തയതായിരുന്നു കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം. ഇവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
രാവിലെ കസ്റ്റഡിയിലെടുത്ത എട്ടംഗ മാധ്യമ സംഘത്തെ ഏഴു മണിക്കൂറുകൾക്ക് ശേഷം വൈകുന്നേരമാണ് വിട്ടയച്ചത്. പൊലീസുകാർ മോശമായാണ് പെരുമാറിയതെന്ന് കസ്റ്റഡിയിലായ മാധ്യമ പ്രവർത്തകർ പറഞ്ഞു. കർണാടക പൊലീസ് കാസർകോട് ജില്ലയിലെ തലപ്പാടിയിലെത്തിച്ചാണ് കോരള പൊലീസിന് മാധ്യമ സംഘത്തെ കൈമാറിയത്.
Post Your Comments