കോട്ടയം: ഓട്ടത്തിനിടയില്‍ സ്വകാര്യ ബസ്സിന്റെ എന്‍ജിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. പൊന്‍കുന്നം കെ കെ റോഡില്‍ പെട്രേള്‍ പമ്പിന് സമീപത്താണ് സംഭവം. തീ പടര്‍ന്നയുടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്താക്കി. എന്നാല്‍ തീയണച്ച് ബസ് വീണ്ടും ഓടിച്ചപ്പോള്‍ പിന്നെയും തീയുയര്‍ന്നു. തുടര്‍ന്ന അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമായിരുന്നു ബസില്‍ തീപിടിച്ചത്. കോട്ടയം-നെടുങ്കണ്ടം റൂട്ടിലോടുന്ന സെന്റ് തോമസ് ബസ്സില്‍ വ്യാഴാഴ്ച വൈകീട്ട് 5.45-നാണ് തച്ചാറ ഭാരത് പെട്രോളിയം പമ്പിന് മുന്പില് വെച്ച് ആദ്യം തീപടര്‍ന്നത്. പമ്പിന് 20 മീറ്റര്‍ മാത്രം അകലെയുണ്ടായ തീപിടിത്തം സ്ഥലത്തുണ്ടായിരുന്നവരെയും പരിഭ്രാന്തരാക്കി.
ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയപ്പോഴേക്കും സമീപത്തെ തച്ചാറ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ അഗ്നിശമന ഉപകരണങ്ങളുമായെത്തി തീയണച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും പമ്പിലെ ജീവനക്കാര്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. തീയണച്ച് എല്ലാവരും മടങ്ങിയതിന് ശേഷം യാത്രക്കാരില്ലാതെ ബസ് മാറ്റിയിടാന്‍ മുമ്പോട്ടെടുത്ത് നൂറുമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും തീപിടിച്ചു. പാതിവഴിയെത്തിയ അഗ്നിരക്ഷാസേനയെ തിരിച്ചുവിളിച്ച് വീണ്ടും തീയണക്കുകയായിരുന്നു.
Post Your Comments