ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കര്‍ണാടകയിൽ ശക്തിയാർജിക്കുന്നു. നൂറോളം പേരെ അറസ്റ്റ് ചെയ്‌ത് നീക്കി. പ്രക്ഷോഭം കണക്കിലെടുത്ത് ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ ആറു മുതല്‍ 21-ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബംഗളൂരുവില്‍ പ്രതിഷേധ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. റാലി നടത്താന്‍ രണ്ടു സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അനുവാദം ചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതി തേടിയിട്ടുണ്ടെങ്കിലും ആര്‍ക്കും അനുമതി നല്‍കില്ല. നിയമം ലംഘിച്ച് പ്രതിഷേധം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ പോലിസ് തടയില്ല. ബംഗളൂരുവില്‍ വ്യാഴാഴ്ച വിവിധ സംഘടനകള്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്കും പോലിസ് അനുമതി നിഷേധിച്ചു. അതേസമയം മംഗളൂരുവില്‍ ബുധനാഴ്ച രാത്രി ഒമ്പതുമുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് നിരോധനാജ്ഞ.
Post Your Comments