Latest NewsKeralaIndiaNews

പൗരത്വ ബിൽ: രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു, കൂട്ട അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കൂട്ട അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ പ്രതികരിച്ചു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ദേശിയ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെയും അറസ്റ്റ് ചെയ്‌തു. രാജ്യത്തുടനീളം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് തെലുങ്കാനയിലും, തമിഴ്‌നാട്ടിലും നൂറോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ബംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മൊയ്‌നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി സര്‍വ്വകലാശാലയില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഏര്‍പ്പാടാക്കിയ ബസ്സാണ് പിടിച്ചചടുത്തത്. ബസ് പുറപ്പെടാന്‍ നേരത്ത് പൊലീസുകാര്‍ വന്ന് വാതില്‍ക്കല്‍ നില്‍ക്കുകയും തുടര്‍ന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്ന് ഹൈദരാബാദില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

കര്‍ണാടകയിലും പ്രതിഷേധം ശക്തിയാർജിക്കുകയാണ്. നൂറോളം പേരെ അറസ്റ്റ് ചെയ്‌ത്‌ നീക്കി. പ്രക്ഷോഭം കണക്കിലെടുത്ത് ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ ആറു മുതല്‍ 21-ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബംഗളൂരുവില്‍ പ്രതിഷേധ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. റാലി നടത്താന്‍ രണ്ടു സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അനുവാദം ചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതി തേടിയിട്ടുണ്ടെങ്കിലും ആര്‍ക്കും അനുമതി നല്‍കില്ല. നിയമം ലംഘിച്ച് പ്രതിഷേധം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലും പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ഇടതു സംഘടനകള്‍, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്, തുടങ്ങി 60ലധികം സംഘടനകള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തി. എംപിമാരെ അടക്കം പങ്കെടുപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡൽഹിക്ക് പിന്നാലെ മദ്രാസ് സർവകലാശാലയിലും പോലീസ് അതിക്രമം. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ക്യാമ്പസിനകത്ത് കയറി മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് മാറ്റി.

ALSO READ: സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍

ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചു. സമരം ഇനിയും തുടർന്നാൽ കൈവിട്ടു പോകുമെന്ന നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയത്. ഇന്നലെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമൽഹാസനെ സർവകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button