കൊൽക്കത്ത : പൗരത്വ ഭേദഗതിക്കെതിരെതിരായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽപൗരത്വ ഭേദഗതി നിയമത്തിൽ ഹിതപരിശോധന നടത്താൻ ധൈര്യമുണ്ടോയെന്നു കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിനു ശേഷം സംസാരിക്കവേ മമത ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും സംബന്ധിച്ച് ഹിതപരിശോധന നടത്തണം. യുഎൻ മേൽനോട്ടത്തിൽ നടത്തുന്ന ഹിതപരിശോധനയുടെ ഫലം എതിരായാൽ നരേന്ദ്രമോദി സർക്കാർ രാജിവച്ചൊഴിയണമെന്നും, ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ബംഗാളിൽ നടപ്പാക്കില്ലെന്നും മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നേരത്തെ നടന്ന മഹാറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ, തന്റെ സര്‍ക്കാരിനെ ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് മമത കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചിരുന്നു. എന്റെ സര്‍ക്കാരിനെ നിങ്ങൾക്ക് പിരിച്ച് വിടണമെങ്കിൽ അങ്ങനെ ചെയ്യാം. പക്ഷെ ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ല. മമത ഒറ്റയ്ക്കാണെന്നാണ് അവര്‍ കരുതുന്നത്. നിരവധി പേർ എനിക്കൊപ്പമുണ്ട്. ഉദ്ദേശം നല്ലതായിരുന്നെങ്കിൽ നിങ്ങളെ ജനം പിന്തുണയ്ക്കുമായിരുന്നു. ഇത് മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ലെന്നും എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണെന്നും മമത പറഞ്ഞത്.
അതേസമയം പൗരത്വ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ചു പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിൽ കേരളം മുന്നിൽ തന്നെയുണ്ടാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ജന നേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്. അതിർത്തി സംസ്ഥാനങ്ങളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന ഇന്‍റർനെറ്റ് നിരോധനം രാജ്യ തലസ്ഥാനത്ത് പോലും ഏർപ്പെടുത്തുന്നത് അപകടകരമാണെന്നും അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ ഡി എ സർക്കാർ കാണിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments