കൊച്ചി; മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരെ യുവാവ് പരിശോധനാ മുറിയില്‍ പൂട്ടിയിട്ടു. പരിശോധനയ്ക്കിടെ ഒരു ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ ദേഷ്യത്തിലാണ് മറ്റുള്ള ഡോക്ടര്‍മാരെയെല്ലാം കണ്‍സള്‍ട്ടിങ് മുറിയില്‍ യുവാവ് പൂട്ടിയിട്ടതെന്ന് പറയുന്നു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കൊളജിലായിരുന്നു സംഭവം. പിതാവിനെ കാണിക്കാനെത്തിയ എടത്തല ദാറുസ്സലാം വീട്ടില്‍ മുജീബ് റഹ്മാനാണ്(32) അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് പിതാവിനൊപ്പം ഡോക്ടറെ കാണിക്കാന്‍ ശ്വാസകോശ വിഭാഗത്തില്‍ എത്തിയത്. മേധാവി ജി മല്ലന്‍, ഡോ എബ്രഹാം കോശി എന്നിവരാണ് ഈ സമയത്ത് രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നു. ഒരുമണിക്ക് പിജി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ഡോക്ടര്‍ മല്ലന്‍ പോയി. ഈ ഡോക്ടറെ കാണാനായിരുന്നു മുജീബ് ക്യൂ നിന്നിരുന്നത്. ഡോക്ടര്‍ പോയതോടെ മറ്റു ഡോക്ടര്‍മാരോട് വിവരം അന്വേഷിച്ചു.
രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ക്ലാസെടുക്കാന്‍ പോയത് ശരിയല്ല എന്നു പറഞ്ഞ് ഇയാള്‍ ബഹളം വെച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ടൈംടേബിള്‍ അനുസരിച്ചാണ് ക്ലാസെന്നും തങ്ങള്‍ പരിശോധിക്കാമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മുജീബ് ഇത് സ്വീകാര്യമായിരുന്നില്ല. ക്യൂവിലുണ്ടായിരുന്ന രോഗികളെ മുഴുവന്‍ പരിശോധിച്ച ശേഷം പുറത്തിറങ്ങാന്‍ തുടങ്ങിയ ഡോക്ടര്‍മാരെ അകത്താക്കി ഇയാള്‍ വാതില്‍ അടച്ചു.
തുടര്‍ന്ന് ആര്‍എംഒ ഗണേശ് മോഹന്‍, സെക്യൂരിറ്റി ജീവനക്കാരനും എത്തിയതോടെ ഇയാള്‍ പുറത്തിറങ്ങിയ ശേഷം വാതില്‍ കുറ്റിയിട്ടു. അടുത്തുണ്ടായിരുന്ന മേശ വലിച്ചിട്ട് അതില്‍ കയറിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കളമശേറി സ്റ്റേഷനില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ ഔദ്യോഗിക ഡ്യൂട്ടിക്ക് തടസമുണ്ടാക്കിയതിനും ഡോക്ടര്‍മാരെ പൂട്ടിയിട്ടതിനും ഇയാള്‍ക്കെതിരേ കേസെടുത്തു.
Post Your Comments