ബാലസോര്‍: ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകരാൻ വീണ്ടും ഒരു മിസൈൽ കൂടി. ഇന്ത്യയുടെ ശബ്ദാതീതവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഒഡിഷയിലെ ചാന്ദിപൂരില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. ചലിക്കുന്ന സ്വയം നിയന്ത്രിത വിക്ഷേപണത്തറയില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വൈകാതെ മിസൈൽ സൈന്യത്തിന് കൈമാറും.
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ശബ്ദാതീതവേഗ വിഭാഗത്തിലെ ലോകത്തെ ഏറ്റവും വേഗമേറിയ മിസൈലാണ്. ഭൂതലത്തിന് പുറമെ മുങ്ങിക്കപ്പലുകള്‍, യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രയോഗിക്കാവുന്ന മിസൈലാണ് ബ്രഹ്മോസ്. 450 കിലോമീറ്റര്‍ ദൂരേക്ക് പ്രയോഗിക്കാവുന്ന ബ്രഹ്മോസിന്റെ ആദ്യ മിസൈല്‍ 2017 മാര്‍ച്ചിലാണ് പരീക്ഷിച്ചത്. ഹ്രസ്വദൂര ബ്രഹ്മോസ് ഈ വര്‍ഷം സെപ്‌തംബറില്‍ പരീക്ഷിച്ചിരുന്നു. അന്നു പരീക്ഷിച്ചത് ശബ്ദത്തേക്കാൾ 3 മടങ്ങു വേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസായിരുന്നു.
ബ്രഹ്മോസ് മിസൈലുകൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതും ഇന്ത്യയുടെ പരിഗണനയിലാണ്. ഇന്ത്യയും റഷ്യയുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കു മിസൈൽ ലഭ്യമാക്കുന്നതു പരിഗണിക്കുമെന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ബ്രഹ്മോസ് എയ്റോസ്പേസ് ഡയറക്ടർ ജനറൽ സുധീർ കുമാർ മിശ്ര വ്യക്തമാക്കിയത്.
Post Your Comments