Latest NewsIndiaNews

വാട്സാപ്പിൽ പരീക്ഷ നടത്താൻ ജെ.എൻ.യു, നടക്കില്ലെന്ന് അധ്യാപകർ

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധം തുടരുന്ന ജെ.എൻ.യു.വിൽ വാട്സാപ്പ് പരീക്ഷയ്ക്ക് നീക്കം. പരീക്ഷകൾ കൃത്യ സമയത്ത് നടത്തണമെന്ന ന്യായം പറഞ്ഞാണ് അധികൃതരുടെ നടപടി. സെമസ്റ്റർ പരീക്ഷ വിദ്യാർഥികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചിരിക്കേ അധികൃതരുടെ പുതിയ പരീക്ഷാരീതിക്കെതിരേ ജെ.എൻ.യു. ടീച്ചേഴ്സ്  അസോസിയേഷൻ രംഗത്തെത്തി. വിദ്യാർഥിസമരത്തെത്തുടർന്ന് പരീക്ഷകൾ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ രീതി. തിങ്കളാഴ്ചയാണ് സ്കൂൾ ഓഫ് ഇൻറർനാഷണൽ സ്റ്റഡീസിലെ ഡീൻ വിദ്യാർഥികൾക്ക് അറിയിപ്പ് നൽകിയത്. സെമസ്റ്റർ പരീക്ഷ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അയച്ചുതരുന്ന ചോദ്യങ്ങൾക്ക് ഇ-മെയിലിലോ വാട്സാപ്പിലോ ഉത്തരം നൽകിയാൽ മതിയെന്നും ഡീൻ അറിയിച്ചു. പേപ്പറിൽ എഴുതി അതിന്റെ പകർപ്പ് വാട്സാപ്പിൽ ഉത്തരവാദപ്പെട്ട അധ്യാപകർക്ക് അയച്ചു കൊടുത്താൽ മതി. ഇ-മെയിലായും നേരിട്ടും ഉത്തരക്കടലാസുകൾ സമർപ്പിക്കാമെന്നും ഡീൻ പ്രൊഫ. അശ്വിനി കെ. മൊഹാപത്ര അറിയിച്ചു.

ജെ.എൻ.യു.വിലെ മറ്റുരണ്ടു സ്കൂളുകൾകൂടി ഇങ്ങനെയൊരു അറിയിപ്പു നൽകിയതായാണ് വിവരം. എന്നാൽ, നിലവിലെ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റംവരുത്താൻ ഡീനുകൾക്ക് അധികാരമില്ലെന്ന് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡി.കെ. ലോബിയാൽ, സെക്രട്ടറി സുരജിത് മജുംദാർ എന്നിവർ പറഞ്ഞു. പരീക്ഷകൾ നിശ്ചിത വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്നതാണ്. ഉയർന്ന അക്കാദമിക നിലവാരം പുലർത്തേണ്ട പരീക്ഷകളെ ഈ രീതിയിൽ അട്ടിമറിക്കാൻ പാടില്ല. ജെ.എൻ.യു.വിലെ അന്തരീക്ഷം സുഗമമാക്കി പരീക്ഷ പൂർത്തിയാക്കാനാണ് അധികൃതർ ശ്രമിക്കേണ്ടതെന്നും ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം, വിദ്യാർഥികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് സമരക്കാർ കുറ്റപ്പെടുത്തി. പരീക്ഷ എഴുതിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന ഭീഷണിയുണ്ടെന്നും വിദ്യാർഥികൾ വെളിപ്പെടുത്തുന്നു. ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കാതെ പരീക്ഷ എഴുതില്ലെന്ന നിലപാടിലാണ് ജെ.എൻ.യു. വിദ്യാർഥി യൂണിയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button