ന്യൂയോര്‍ക്ക്•പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് ഏഷ്യാ സൊസൈറ്റിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ പീഡനങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.
ഇവ ഇസ്ലാമിക് രാജ്യങ്ങളായതിനാല്‍ മുസ്ലീങ്ങളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ അവിടെ മതപരമായ പീഡനത്തെ അഭിമുഖീകരിക്കുന്നില്ല. ഒരുപക്ഷെ അവര്‍ മറ്റെന്തെങ്കിലും പീഡനത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മതപരമായ പീഡനങ്ങളല്ല, കാരണം ആ രാജ്യങ്ങളിലെ മതം ഇസ്ലാം ആണ്. അതുകൊണ്ട് ഞങ്ങള്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തിയിട്ടില്ല.
അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ലയും ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയും രാജ്‌നാഥ് സിംഗിനെ സ്വാഗതം ചെയ്തു. വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന യുഎസ് ഇന്ത്യ 2+2 മിനിസ്റ്റീരിയല്‍ ഡയലോഗില്‍ പങ്കെടുക്കാനാണ് അദ്ദേഹം യു എസില്‍ എത്തിയിരിക്കുന്നത്.
ജാതിയുടെയോ വിശ്വാസത്തിന്റേയോ മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിവേചനം കാണിക്കുന്നില്ല. വെറുക്കാന്‍ നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നില്ല. ഇന്ത്യയില്‍ താമസിക്കുന്ന ഓരോ മുസ്ലീമിനെയും എന്‍റെ സഹോദരനായി, എന്‍റെ കുടുംബാംഗമായി ഞാന്‍ കാണുന്നു. മുസ്ലീം വിരുദ്ധമാണെന്ന് ആര്‍ക്കെങ്കിലും എന്നോട് പറയാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ അതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതാണ്. ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നല്ല പ്രവണതയല്ല. ആസാമിലെയും ബംഗാളിലെയും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്വലാഖ് ബില്‍, പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതക്കെതിരെ ഇന്ത്യയുടെ പ്രതികരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു.
വ്യോമസേനയില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെ, ആ രാജ്യത്തേക്ക് കടക്കാതെ ഇന്ത്യയ്ക്ക് പാക്കിസ്താനിലെ തീവ്രവാദ ക്യാമ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് വേണമെങ്കില്‍ പാക്കിസ്താനിലെ സൈനിക ക്യാമ്പുകളേയും സിവിലിയന്‍ പ്രദേശങ്ങളെയും ആക്രമിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും അത് ധാരാളം നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമായിരുന്നു. എന്നാല്‍, ഞങ്ങള്‍ മുന്‍കരുതലോടെ തീവ്രവാദ പരിശീലന ക്യാമ്പുകളുള്ള സ്ഥലങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യണമെന്നാണ് തീരുമാനിച്ചത്.
ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഇന്ത്യയെയും ഒരു പരിധിവരെ അത് സ്വാധീനിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നു. എന്നാല്‍, കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഈ പ്രയാസകരമായ അവസ്ഥയില്‍ നിന്ന് പുറത്തുവരുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.
സാമ്പത്തിക വളര്‍ച്ചയുടെ പുരോഗതിക്ക് സര്‍ക്കാര്‍ നിരവധി പ്രധാന നടപടികള്‍ കൈക്കൊള്ളുകയും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഹൗഡി മോദി പരിപാടി വിജയിപ്പിച്ചതിന് ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം പ്രശംസിച്ചു. ‘ഹ്യൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയുടെ ഏറ്റവും വലിയ ക്രഡിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവന്റ് വിജയത്തിന്റെ ക്രഡിറ്റ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു, കാരണം നിങ്ങള്‍ ഒരു ഐഡന്‍റിറ്റി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍, നിങ്ങളുടെ വിശ്വാസ്യത, അന്തസ്സ്, പ്രശസ്തി എന്നിവ അമേരിക്കയില്‍ സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഹൗഡി മോദി സംഭവം ഉണ്ടാകുമായിരുന്നില്ല.’ അദ്ദേഹം പറഞ്ഞു.
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്‍റെ തലവനായി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയിയെ നിയമിച്ചെന്നു കേട്ടപ്പോള്‍ അഭിമാനം കൊണ്ട് തന്റെ നെഞ്ച് വിരിഞ്ഞെന്നും അത് 56 ഇഞ്ച് നെഞ്ചായി മാറുകയും ചെയ്തെന്ന് പ്രേക്ഷകരുടെ കരഘോഷത്തിനിടെ സിംഗ് പറഞ്ഞു.
2022 ഓടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്ലാത്ത ഒരു വീടു പോലും ഇന്ത്യയില്‍ ഉണ്ടാകരുത്. ഇന്ത്യയിലെ എട്ട് കോടിയിലധികം കുടുംബങ്ങള്‍ക്ക് പാചക ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് 700 ലധികം ജില്ലകള്‍ തുറന്ന സ്ഥലത്തെ മലിനീകരണ രഹിതമാണ്. ഇതൊരു ചെറിയ നേട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments