കൊല്‍ക്കത്ത:പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നും വെറുമൊരു ബിജെപി നേതാവല്ലെന്നും രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നുമായിരുന്നു മമതയുടെ പ്രസ്താവന.
‘ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്നാണ് ബിജെപി ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു പൗരത്വം തെളിയിക്കാന്‍ പാന്‍, ആധാര്‍ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയില്‍ നിന്നുള്ള മന്ത്രത്തകിടോ?’ മമത ചോദിച്ചു. ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞ മമത
എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. നിയമം ലംഘിച്ച് ഇന്ത്യയില്‍ കുടിയേറിയവര്‍ക്കായി എത്ര തടങ്കല്‍കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടാക്കുമെന്നും മമത ചോദിച്ചു.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും പിന്‍വലിക്കുക,അതല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ ഇവിടെ നടപ്പാക്കുമെന്ന് ഞാനൊന്നു കാണട്ടെ. 35 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്.65 ശതമാനം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമില്ലെന്ന് ഓര്‍ക്കണമെന്നും മമത പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബംഗാളിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച മമത വിഷയത്തിൽ പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കി.
Post Your Comments