നെട്ടൂര്‍ : പൊളിക്കുന്ന ഫ്‌ലാറ്റുകളില്‍ ഏറ്റവുമധികം വീടുകള്‍ സ്ഥിതിചെയ്യുന്ന ആല്‍ഫാ സെറിന്‍ ഫ്‌ലാറ്റ് സമുച്ചയത്തിനു സമീപത്തെ വീടുകള്‍ക്ക് വ്യാപക നാശം. 32 വീടുകളാണ് ഇവിടെ അപകട മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 5 വീടുകളില്‍ കൂടി വിള്ളല്‍ കണ്ടെത്തിയതോടെ തകരാര്‍ സംഭവിച്ച വീടുകളുടെ എണ്ണം 11 ആയി. സ്‌ഫോടനത്തിനു മുന്‍പേ ഇതാണു സ്ഥിതിയെങ്കില്‍ സ്‌ഫോടന ശേഷം എന്തായിരിക്കും എന്ന ആശങ്കയിലാണ് സമീപവാസികള്‍
നെടുംപിള്ളില്‍ പ്രകാശന്‍, പ്രസാദ്, ദിനേശന്‍, കടേക്കുഴി സാരസാക്ഷി (സരയു), കെ.കെ. അബ്ദു എന്നിവരുടെ വീടുകളിലാണ് ഇന്നലെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ പ്രസാദ്, പ്രകാശന്‍, ദിനേശന്‍ എന്നിവരുടെ വീടുകള്‍ ഒരേ വളപ്പിലാണ് സ്ഥിതിചെയ്യുന്നത്. പ്രകാശന്റെ വീടാണ് തറവാട്. 60 വര്‍ഷം പഴക്കമുണ്ടാകും. മറ്റു വീടുകള്‍ ആല്‍ഫാ ഫ്‌ളാറ്റ് വന്നതിനു ശേഷം നിര്‍മിച്ചവയാണ്. സരയു, അബ്ദു എന്നിവരുടെ വീടുകളും ഫ്‌ലാറ്റ് വന്നതിനു ശേഷം പണിതതാണ്. പ്രസാദിന്റെ വീടിന്റെ ഒരു ഭാഗം താഴേക്ക് ഇടിഞ്ഞു.
മരടില്‍ പൊളിക്കുന്ന ഫ്‌ലാറ്റുകള്‍ക്കു സമീപമുള്ള വീടുകളുടെ പ്രാഥമിക സ്ട്രക്ചറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറി. അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സല്‍റ്റിങ് എന്‍ജിനീയേഴ്‌സ് നടത്തിയ പ്രാഥമിക പഠന പ്രകാരമുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം മറ്റു വീടുകളുടെയും സ്ട്രക്ചറല്‍ ഓഡിറ്റ് ഈ രീതിയില്‍ തന്നെ നടത്തിയാല്‍ മതിയോ എന്നു സര്‍ക്കാര്‍ തീരുമാനിക്കും.
Post Your Comments